സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി ഉയർത്തുന്ന ബിൽ പാസാക്കി ഹിമാചൽ പ്രദേശ്

ഷിംല: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുന്ന ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. വര്‍ഷകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ, 2024 ശബ്ദവോട്ടോടെ പാസാക്കിയത്. വനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാൻഡിലാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്ത്രീകൾ എല്ലാ മേഖലയിലും മുന്നേറുകയാണ്. നേരത്തെയുള്ള വിവാഹങ്ങൾ അവരുടെ ഔദ്യോഗികജീവിതത്തെ മാത്രമല്ല, ശാരീരിക വളർച്ചയ്ക്കും തടസ്സമാകുന്നുണ്ട്. ലിംഗസമത്വവും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരവും ഉറപ്പാക്കുന്നതിന് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, 2006-ലെ ശൈശവ വിവാഹ നിരോധന നിയമവും മറ്റ് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി ഉയർത്താനും ബില്‍ നിര്‍ദേശിക്കുന്നു.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർധിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഹിമാചൽ പ്രദേശെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസ് എന്നും മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
Content Highlights: Himachal Pradesh passed Bill on minimum age of marriage for women from 18 to 21 years