ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്; ഒരു കിലോമീറ്റർ കടക്കാൻ മണിക്കൂറുകൾ, നാലുദിവസമായി തുടരുന്ന ദുരിതം

ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാതയില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് | Photo: jagran
ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാതയില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് | Photo: jagran

ന്യൂഡല്‍ഹി: ബിഹാറിലെ ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാതയില്‍ (ദേശീയപാത-19) വന്‍ ഗതാഗതക്കുരുക്ക്. നാലുദിവസമായി തുടരുന്ന ഗതാഗതക്കുരുക്കിന് ഇതുവരെ ആശ്വാസമായിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചുകിലോമീറ്റര്‍ യാത്രചെയ്യാന്‍ 24 മണിക്കൂറോളം എടുക്കുന്നതായാണ് റിപ്പോർട്ട്.

ബിഹാറിലെ രോഹ്താസ് ജില്ലയില്‍ പെയ്ത മഴയില്‍ ദേശീയപാത-19-ലെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഇത് ഗതാഗത തടസ്സത്തിനും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനും കാരണമായി. രോഹ്താസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദ് വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

അഞ്ചുകിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ 24 മണിക്കൂറാണെടുത്തതെന്ന് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ പ്രതികരിച്ചു. തങ്ങള്‍ വിശപ്പും ദാഹവും കൊണ്ട് വലയുകയാണെന്നും ഇവർ പറയുന്നു.

വ്യവസായങ്ങളെയും ഗതാഗതക്കുരുക്ക് ബാധിച്ചു. ലോറികളിലും മറ്റുമുള്ള ഭക്ഷ്യവസ്തുക്കള്‍ നശിച്ചുപോകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആംബുലന്‍സ്, അടിയന്തര സേവനങ്ങള്‍ എന്നിവയെയും ഗതാഗതക്കുരുക്ക് ബാധിച്ചു. പ്രാദേശിക ഭരണക്കൂടമോ ദേശീയപാത അതോറിറ്റിയോ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.