ഉഷ്ണതരംഗവും മിന്നലും ഇനി പ്രകൃതിദുരന്തം; നാല് മാസത്തിനിടയിൽ 5000 സൂര്യതാപ സംഭവങ്ങൾ, 20 മരണം

ന്യൂഡൽഹി: ഉഷ്ണതരംഗവും മിന്നലും രാജ്യത്തെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടുത്തി കേന്ദ്രസർക്കാർ. ഇനി ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് സംസ്ഥാനസർക്കാരുകൾക്ക് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള സഹായധനത്തിന് അർഹതയുണ്ടാകും.
കാലാവസ്ഥാവ്യതിയാനം അതിതീവ്ര കാലാവസ്ഥാദുരന്തങ്ങളുണ്ടാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം. രണ്ടു ദുരന്തങ്ങളെയും കേന്ദ്രസർക്കാരിന്റെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടുത്തണമെന്ന ആവശ്യം കേരളമുൾപ്പെടെ ദീർഘകാലമായി ഉയർത്തുന്നതാണ്. 16-ാം ധനകാര്യകമ്മിഷന്റെ ശുപാർശയെത്തുടർന്നാണ് പ്രകൃതിദുരന്തങ്ങളുടെ പട്ടിക പരിഷ്കരിക്കാനുള്ള കേന്ദ്രതീരുമാനം.
മിന്നലും ഉഷ്ണതരംഗവും അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 2026-31 കാലത്ത് ദേശീയ-സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ പ്രവർത്തന മാനദണ്ഡപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ദുരിതാശ്വാസ സഹായധനത്തിനായി നയപരമായ ചട്ടക്കൂടൊരുക്കും. ഉഷ്ണതരംഗം കുറയ്ക്കുന്നതിനാവശ്യമായ പദ്ധതികൾക്കും സഹായത്തിന് അർഹതയുണ്ടായിരിക്കുമെന്ന് മന്ത്രാലയത്തിനുവേണ്ടി മറുപടി നൽകിയ ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായ് അറിയിച്ചു.
സൂര്യാതപമേറ്റ് മരിച്ചവർ (2026 മാർച്ച് 1- ജൂലായ് 26)-20
റിപ്പോർട്ട്ചെയ്ത സൂര്യതാപ സംഭവങ്ങൾ-5000
അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത ദുരന്തങ്ങളെ അതത് സംസ്ഥാനങ്ങൾക്ക് ദുരന്തങ്ങളായി പ്രഖ്യാപിക്കാം. എന്നാൽ, സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് പരമാവധി 10 ശതമാനംവരെ തുകയേ ദുരിതാശ്വാസത്തിനായി വിനിയോഗിക്കാനാവൂ. ദേശീയതലത്തിൽ അംഗീകൃതദുരന്തമായി കണക്കാക്കുന്നതോടെ സംസ്ഥാന ദുരന്തപ്രതികരണനിധിയും ദുരന്തനിവാരണ നിധിയും ദുരിതാശ്വാസത്തിനായി പൂർണതോതിൽ വിനിയോഗിക്കാനാവും. സംസ്ഥാന ഫണ്ട് അപര്യാപ്തമാണെങ്കിൽ ദേശീയ ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള സഹായവും ലഭ്യമാക്കാനാവും.
നിലവിലെ അംഗീകൃത പ്രകൃതിദുരന്തങ്ങൾ
ചുഴലിക്കാറ്റ്, വരൾച്ച, ഭൂകമ്പം, അഗ്നിബാധ, പ്രളയം, സുനാമി, ആലിപ്പഴ വർഷത്തോടെയുള്ള കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ, ഹിമപാതം, മേഘവിസ്ഫോടനം, കീടങ്ങളുടെ ആക്രമണം, മഞ്ഞുവീഴ്ച/ശീതതരംഗം.
Content Highlights: Central government adds heatwaves and lightning to the official natural disaster list for 2026-31. G