'ഫോട്ടോ എന്റേത്, പേര് മറ്റൊരാളുടേത്'; രാഹുലിന്റെ ‘H ഫയലി’ൽ ഉൾപ്പെട്ട വയോധിക പറയുന്നു

രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: ഒരേ ഫോട്ടോ ഉപയോഗിച്ച് 223 തവണ പേര് ചേർത്തതായി രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ച സംഭവത്തിൽ, വ്യാജമായി ഉപയോഗിച്ചത് ചരൺജിത് കൗർ എന്ന വയോധികയുടെ ചിത്രമെന്ന് റിപ്പോർട്ട്. ഇവർ ഒരു തവണ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഹരിയാണയിലെ അംബാലയിലുള്ള ധാക്കോള ഗ്രാമത്തിലെ ചരൺജിത് കൗർ എന്ന 75 കാരിയുടെ ഫോട്ടോ രണ്ടു ബൂത്തുകളിലായി 223 തവണയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തന്റെ ഫോട്ടോ നിരവധി വോട്ടർ ഐഡികാർഡുകളിൽ ഉണ്ടെന്ന് പലരും തന്നോട് പറഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു. ‘ഞാൻ വോട്ട് ചെയ്യാൻ പോയപ്പോൾ പട്ടികയിലുള്ള ഫോട്ടോ എന്റേത് ആയിരുന്നു. എന്നാൽ, പേര് മറ്റൊരാളുടേതായിരുന്നു. ഞാൻ എന്റെ മകനോട് കാര്യം പറഞ്ഞു’, ചരൺജിത് കൗർ പറഞ്ഞു.

അമ്മയുടെ ഫോട്ടോ നിരവധി തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തെറ്റായ പേരും മേൽവിലാസമാണെന്നും ചൂണ്ടിക്കാട്ടി മകൻ തേജീന്ദർ സിങ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നതായാണ് വിവരം. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തേജീന്ദർ സിങ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തന്റെ തോൽവിക്ക് കാരണം വോട്ടർപട്ടികയാണെന്നും തേജീന്ദർ സിങ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേർന്ന് ഹരിയാണയെ തിരഞ്ഞെടുപ്പിലൂടെ തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കോൺഗ്രസിന്റെ വൻവിജയം തടയാൻ ബ്രസീലിയൻ മോഡലിന്റെ ചിത്രമടക്കം വോട്ടർപട്ടികയിൽപ്പെടുത്തിയുള്ള ‘ഓപ്പറേഷൻ സർക്കാർ ചോരി’യാണ് ഹരിയാണയിൽ നടന്നത്‌. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ കേന്ദ്രീകൃതകവർച്ചയുടെ ഭാഗമായെന്നും ഡൽഹിയിൽ കോൺഗ്രസ്‌ ആസ്ഥാനത്ത്‌ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു.

ഹരിയാണയിൽ രണ്ടുകോടി വോട്ടുള്ളതിൽ 25.41 ലക്ഷം വ്യാജവോട്ടാണ്. ഭൂരിഭാഗവും കോൺഗ്രസുകാരടങ്ങുന്ന 3.5 ലക്ഷം യഥാർഥ വോട്ട് ഒഴിവാക്കി. കോൺഗ്രസ് തോറ്റ എട്ടുമണ്ഡലങ്ങളിൽ ആകെ വോട്ടുവ്യത്യാസം 22,729 മാത്രമാണ്‌. കോൺഗ്രസിന് ലഭിച്ചത് 53.31 ലക്ഷം വോട്ടും (37 സീറ്റ്) ബിജെപിക്ക് 55.49 ലക്ഷവും (48 സീറ്റ്). 62 സീറ്റുവരെ നേടി കോൺഗ്രസ് ജയിക്കുമെന്ന് അഞ്ച് എക്സിറ്റ് പോളുകൾ പ്രവചിച്ചു. തപാൽ വോട്ടുകളിൽ കോൺഗ്രസിന് 73-ഉം ബിജെപിക്ക് 17ഉം മണ്ഡലങ്ങൾ ലഭിച്ചിട്ടും കോൺഗ്രസ് പരാജയപ്പെട്ടത് ഈ ക്രമക്കേടുകൊണ്ടാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇത് തിരിച്ചറിയാതിരിക്കാനാണ് കമ്മിഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും രാഹുൽ ആരോപിച്ചു.

സംഭവത്തിൽ തന്റെ ഫോട്ടോ വ്യാജമായി ഉപയോഗിച്ചതിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡലും രംഗത്തെത്തിയിരുന്നു. 

ഇന്ത്യക്കാരിയായി ചിത്രീകരിച്ച് തന്റെ ചിത്രം വോട്ടർമാരെ കബളിപ്പിക്കാൻ അവർ ഉപയോഗിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു ബ്രസീലിയൻ മോഡലായ ലാറിസ നെറി പറഞ്ഞത്. ഇന്ത്യൻ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത് തന്റെ പഴയ ഫോട്ടോ ആണെന്നും ലാറിസ വ്യക്തമാക്കി.

Content Highlights: Voter List Anomaly: Haryana Woman's Photo Appears 223 Times, Allegations of Election Irregularities Surface