ഹരിയാണ: 'വോട്ടിങ് യന്ത്രത്തില്‍ തിരിമറി'; സംശയംപ്രകടിപ്പിച്ച് തിര.കമ്മിഷന് മുന്നിലെത്തി കോണ്‍ഗ്രസ്‌

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കോൺ​ഗ്രസ് നേതാക്കൾ മാധ്യമങ്ങള കാണുന്നു | ഫോട്ടോ: എ.എൻ.ഐ
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കോൺ​ഗ്രസ് നേതാക്കൾ മാധ്യമങ്ങള കാണുന്നു | ഫോട്ടോ: എ.എൻ.ഐ


ചണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വിജയം പ്രതീക്ഷിച്ച സംസ്ഥാനത്ത് നേരിട്ട കനത്ത തോല്‍വിയുടെ കാരണം തേടുകയാണ് കോണ്‍ഗ്രസ്. എതിരാളികളുടെ ചതിപ്രയോഗം നടന്നു എന്ന സംശയത്തിലാണ് പാര്‍ട്ടി. വോട്ടെണ്ണലില്‍ ചില ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും  ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ഇത്തരം ഇ.വി.എമ്മുകള്‍ അന്വേഷണവിധേയമായി സീല്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

മുന്‍മുഖ്യമന്ത്രിമാരായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, അശോക് ഗെഹ്ലോട്ട്, എ.ഐ.സി.സി നേതാക്കളായ കെ.സി.വേണുഗോപാല്‍, ജയ്‌റാം രമേശ്, അജയ് മാക്കന്‍, പവന്‍ ഖേരാ, ഹരിയാണ കോണ്‍ഗ്രസ് പ്രസിഡണ്ട് ഉദയ് ഭാന്‍ എന്നിവരാണ് സംസ്ഥാനത്തെ വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍നിന്ന് ശേഖരിച്ച പരാതികളും നിവേദനവും അവര്‍ കമ്മിഷന് സമര്‍പ്പിച്ചു. 

കൈപ്പടയില്‍ എഴുതിയ ഏഴെണ്ണമുള്‍പ്പെടെ സമാനരീതിയിലുള്ള 20 പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. വോട്ടെണ്ണുന്ന ഘട്ടത്തില്‍ ഇവിഎമ്മുകളില്‍ ശരാശരി 60 മുതല്‍ 70 ശതമാനം വരെ ബാറ്ററി ചാര്‍ജ് കാണിക്കുമ്പോള്‍ ഹരിയാണയിലെ പലയിടത്തും 99 ശതമാനം ചാര്‍ജുള്ള ഇവിഎമ്മുകളാണ് ഉണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇതിനിടെ 'ഹരിയാന ഫലം സ്വീകാര്യമല്ല' എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം പ്രസ്താവനകളെന്നാണ് കമ്മീഷന്‍ ബുധനാഴ്ച പ്രതികരിച്ചത്. ജനങ്ങളുടെ ഇച്ഛയെ ജനാധിപത്യവിരുദ്ധമായി നിരാകരിക്കുന്നതാണ് ജയ്‌റാം രമേശിന്റെയും പവന്‍ ഖേരയുടേയും പ്രസ്താവനകളെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരുവര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുകയുംചെയ്തു.

Content Highlights: Haryana Election Results: Congress Alleges EVM Tampering, Files Complaints