ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കി ബിജെപി; മത്സരിക്കുക മധ്യപ്രദേശിൽനിന്ന് മുരുകൻ രാജിവെച്ച ഒഴിവിൽ

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കി ബിജെപി. മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചതിന് പിന്നാലെയുണ്ടായ ഒഴിവിൽ മധ്യപ്രദേശിൽനിന്നാണ് മത്സരിക്കുക. നവംബർ 12-ാം തീയതിയാണ് തിരഞ്ഞെടുപ്പ്. 2026 നവംബർ 25-നാണ് പുരിയുടെ നിലവിലെ രാജ്യസഭാംഗമെന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടികയിൽ പുരിയുടെ പേരില്ലാതിരുന്നത് ചർച്ചയായിരുന്നു.
മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻകൂടിയായ പുരി, 2018-ലാണ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. അന്ന് ഉത്തർ പ്രദേശിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ, യുപിയിൽനിന്നുള്ള എട്ട് സ്ഥാനാർഥികളുടെ പേരുകളാണ് ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിൽ പേരില്ലാതിരുന്നതോടെ 74-കാരനായ പുരിയുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് ചർച്ചകൾ സജീവമായി. എന്നാൽ, ഇന്ന് പുരിയുടെ സ്ഥാനാർഥിത്വം ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതോടെ അഭ്യൂഹങ്ങൾക്ക് അവസാനമായി.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിന് പിന്നാലെയാണ് പുരി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. ഭവന-നഗരകാര്യവകുപ്പുമന്ത്രിസ്ഥാനമാണ് ലഭിച്ചത്. 2019-ൽ അമൃത്സറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ ഗുർജീത് സിങ് ഒജ്ലയോട് പരാജയപ്പെട്ടിരുന്നു. വാണിജ്യ-വ്യവസായ വകുപ്പ് സഹമന്ത്രിസ്ഥാനവും സ്വതന്ത്ര ചുമതലയുള്ള വ്യോമയാന വകുപ്പ് സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടാം മോദി സർക്കാരിൽ, 2021-ൽ ഭവന-നഗരകാര്യ വകുപ്പുകൾക്കൊപ്പം പെട്രോളിയം-പ്രകൃതിവാതക വകുപ്പുകൾ കൂടി ലഭിച്ചു.
Content Highlights: Union Minister Hardeep Singh Puri nominated as BJP Rajya Sabha candidate from Madhya Pradesh., Election scheduled for November 12, filling the vacancy left by L. Murugan's resignation., Puri's political career, past ministerial portfolios, and previous terms in Rajya Sabha highlighted.