പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ

ജമ്മു: 26 പേരുടെ ജീവൻ നഷ്ടപ്പെട്ട പഹൽഗാം ഭീകരാക്രമണ കേസിൽ ലഷ്‌കർ-ഇ-ത്വയ്ബ മേധാവി ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനായി പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറ്റപത്രം ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.
ഹാഫിസ് സയീദ് പാകിസ്താനിലിരുന്ന് ഈ ആക്രമണം ആസൂത്രണം ചെയ്യുകയും അതിന്റെ നടത്തിപ്പ് നേരിട്ട് നിരീക്ഷിക്കുകയും ചെയ്തുവെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടേയും അതിന്റെ നിഴൽ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും (ടിആർഎഫ്) നേതാവായാണ് ഇദ്ദേഹത്തെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 1967-ലെ വകുപ്പുകൾ പ്രകാരമാണ് ഹാഫിസ് സയീദിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയവും ഫോറൻസിക് തെളിവുകളും സാങ്കേതിക വിവരങ്ങളും കുറ്റപത്രത്തിൽ എൻ.ഐ.എ ഉൾപ്പെടുത്തിയിട്ടുണ്ട്. 1,597 പേജുള്ള കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ 2025 ഡിസംബറിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പാകിസ്താനിലെ സൂത്രധാരനായ സാജിദ് ജാട്ടിനെ പ്രതി ചേർത്തിരുന്നു. കൂടാതെ, 2025 ജൂലൈയിൽ നടന്ന 'ഓപ്പറേഷൻ മഹാദേവിൽ' കൊല്ലപ്പെട്ട മൂന്ന് ഭീകരരെക്കുറിച്ചുള്ള വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ഭീകരവാദ ശൃംഖലകൾ തകർക്കുന്നതിനും ആക്രമണത്തിന് പിന്നിലെ എല്ലാ ബന്ധങ്ങളും പുറത്തുകൊണ്ടുവരുന്നതിനുമുള്ള അന്വേഷണം തുടരുകയാണെന്ന് എൻ.ഐ.എ അറിയിച്ചു.
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു.
Content Highlights: NIA names Hafiz Saeed as the primary mastermind behind the 2025 Pahalgam attack., 1,597-page chargesheet filed in Jammu special court., Charges include criminal conspiracy and waging war against India under UAPA., Evidence links Pakistan-based handlers to the killing of 26 individuals., Follow-up to the 2025 July Operation Mahadev and previous investigations.