‘ഭയമുണ്ട്, എങ്കിലും ബൈക്ക് റൈഡിങ് ഉപേക്ഷിക്കില്ല’: ഗുരുഗ്രാമിൽ ആക്രമണത്തിന് ഇരയായ വനിതാ ബൈക്ക് റൈഡർ

ഗുരുഗ്രാം: ഗുരുഗ്രാമിലെ റോഡിൽ കാറിടിച്ച് വീഴ്ത്തിയ സംഭവം വലിയ മാനസികാഘാതവും ഭയവുമുണ്ടായെങ്കിലും ബൈക്ക് റൈഡിങ് ഉപേക്ഷിക്കില്ലെന്ന് അക്രമത്തിന് ഇരയായ ശിവാനി ചൗഹാൻ (സിയ) വീണ്ടും ബൈക്ക് ഓടിക്കാൻ സാധിക്കുമെങ്കിലും ഉള്ളിൽ ഭയമുണ്ട്. ഗുരുഗ്രാമിലെയും ഡൽഹിയിലെയും റോഡുകളിൽ തനിച്ചോ മറ്റുള്ളവർക്കൊപ്പമോ യാത്രചെയ്യാൻ പേടിയുണ്ടെന്നും ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഗുരുഗ്രാമിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ സിയ കുറ്റപ്പെടുത്തിയിരുന്നു. ഇരുചക്ര വാഹനയാത്രികർക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്ന ട്രാഫിക് പോലീസ്, നാലുചക്ര വാഹന ഉടമകളോട് ഇളവ് കാണിക്കുന്നതായി അവർ ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, സംഭവം യാദൃച്ഛികമായി സംഭവിച്ചതാണെന്ന പ്രതിയുടെ വാദത്തെ സിയ തള്ളിക്കളയുകയും ചെയ്തു.
സംഭവത്തിലെ മുഖ്യപ്രതി കല്യാൺ ബൈൻസ്ലയെ പോലീസ് രാജസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ബി.എൻ.എസ് 125, 281 (അശ്രദ്ധമായ ഡ്രൈവിങ്) എന്നീ വകുപ്പുകൾ പ്രകാരമാണ് തിങ്കളാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഗുരുഗ്രാം പോലീസ് കേസിൽ വധശ്രമത്തിനുള്ള ബി.എൻ.എസ് 109-ാം വകുപ്പ് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു.
ഹരിയാണ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ യുവതി സഞ്ചരിച്ചിരുന്ന സ്പോർട്സ് ബൈക്കിൽ കാറിടിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ സിയ തന്റെ സ്പോർട്സ് ബൈക്കിൽ മറ്റ് റൈഡർമാർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പ്രതി സഞ്ചരിച്ചിരുന്ന കാർ ഗോൾഫ് കോഴ്സ് റോഡിൽവെച്ച് തങ്ങളെ പിന്തുടരുകയും അപകടകരമായ രീതിയിൽ അടുപ്പിച്ച് ഓടിച്ച് വാഹനം നിർത്താൻ ആംഗ്യം കാണിക്കുകയും ചെയ്തതായി സിയ ആരോപിക്കുന്നു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നും തങ്ങൾ പരമാവധി ദൂരം പാലിക്കാൻ ശ്രമിച്ചെങ്കിലും അവർ മനഃപൂർവ്വം കാർ ബൈക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും സിയ ആരോപിച്ചു.
ബൈക്കിലേക്ക് പ്രതിയുടെ കാർ ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഗുരുഗ്രാം പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കൃത്യമായ വീഡിയോ തെളിവുകൾ ഉണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ എഫ്.ഐ.ആറിൽ കൊലപാതകശ്രമത്തിന് കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്ന് സിയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ഗുരുഗ്രാം പോലീസ് കേസിൽ കൊലപാതകശ്രമം കൂടി ഉൾപ്പെടുത്തി.
Content Highlights: Biker Shivani Chauhan, who survived a deliberate car-ramming incident on Gurugram's Golf Course Road, has stated she will continue riding despite the trauma, while police have added an attempt to murder charge against the main accused, Kalyan Bainsla.