‘പാത്രവും ഗ്ലാസുമായി വരണം’; ഗുജറാത്തിൽ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് വിവേചനം; കേസെടുത്തു

അഹമ്മദാബാദ്: ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് പ്രത്യേകം പാത്രങ്ങളുമായി എത്താൻ ആവശ്യപ്പെട്ട ഭാരവാഹികളുടെ പേരിൽ ഗുജറാത്ത് പോലീസ് കേസെടുത്തു. ജുനഗഢ് ജില്ലയിൽ വിസവദാറിലെ ഭൂതടി ഗ്രാമത്തിലാണ് സംഭവം. ശ്രീരാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാച്ചടങ്ങിന്റെ ഭാഗമായ സമൂഹസദ്യയിലേക്കാണ് ദളിതരെ വേറിട്ട് ക്ഷണിച്ചത്.
ബുധനാഴ്ചയായിരുന്നു പരിപാടി. ക്ഷേത്രം ഭാരവാഹികൾ ഗ്രാമത്തിലെ ദളിതരെ ക്ഷണിക്കാനെത്തിയപ്പോൾ ഉപാധിവെച്ചു. എല്ലാവരും പാത്രവും ഗ്ലാസുമായി വരണമെന്നും മറ്റുസമുദായക്കാർ ഭക്ഷണം കഴിച്ചുപോയശേഷമേ എത്താവൂ എന്നുമായിരുന്നു നിബന്ധന. പ്രസാദം വാങ്ങാൻ പോയപ്പോഴും മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പരാതിയുണ്ട്.
രണ്ടായിരത്തോളം ആളുകൾ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. അജയ് ബൊറിച്ചയാണ് വിസവദാർ പോലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും പട്ടികജാതിക്കാർക്കെതിരായ പീഡനം തടയൽ വകുപ്പുപ്രകാരവും കേസെടുത്തു. ഭാരവാഹികളായ അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണം ജുനഗഢ് എസ്.സി സെൽ ഡിവൈ.എസ്.പി.ക്ക് കൈമാറി.
Content Highlights: Temple officials in Bhutadi village demanded Dalits bring their own utensils., Dalits were instructed to eat only after other communities finished., A formal complaint was filed by Ajay Boricha under the Bharatiya Nyaya Sanhita., Five officials have been booked and the case is under investigation by the SC Cell DySP.