സൈനിക വിവരങ്ങൾ പാകിസ്താൻ ഏജന്റിന് കൈമാറി, പണം ലഭിച്ചു; ഗുജറാത്ത് സ്വദേശി പിടിയിൽ

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ടും ബോർഡർ സെക്യൂരിറ്റി ഫോഴ്സുമായും ബന്ധപ്പെട്ട  സുപ്രധാന വിവരങ്ങൾ പാകിസ്താനി ഏജൻ്റിന് കൈമാറിയെന്ന വിവരത്തിൽ ​ഗുജറാത്ത് സ്വദേശിയെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കച്ചിലെ താമസക്കാരനും ആരോഗ്യ പ്രവർത്തകനുമായ സഹദേവ് സിങ് ഗോഹിൽ(28) ആണ് പിടിയിലായത്.

പുതുതായി നിർമ്മിച്ചതും നിർമ്മാണത്തിലിരിക്കുന്നതുമായ വ്യോമസേനയുടെയും ബിഎസ്എഫിൻ്റെയും സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും ഇയാൾ ഏജന്റിന് അയച്ചുകൊടുത്തതായി ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) സീനിയർ ഓഫീസർ കെ സിദ്ധാർത്ഥ് പറഞ്ഞു.

പാകിസ്താനി ഏജൻ്റിന് ബിഎസ്എഫുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യോമസേനയുടെ വിവരങ്ങളും ഇയാൾ പങ്കുവെക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് മെയ് ഒന്നിന് ഗോഹിലിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. വ്യോമസേനയുടെയും ബിഎസ്എഫിൻ്റെയും സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും ഏജൻ്റ് ഇയാളോട് ആവശ്യപ്പെട്ടതായി കണ്ടെത്തുകയും ചെയ്തതായി അദ്ദേ​ഹം വ്യക്തമാക്കി.

2023ൽ വാട്ട്‌സ്ആപ്പ് വഴിയാണ് സഹദേവ് സിങ് ഗോഹിൽ അദിതി ഭരദ്വാജ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഏജൻ്റുമായി ബന്ധപ്പെട്ടത്. 2025ന്റെ തുടക്കത്തിൽ, ഗോഹിൽ തൻ്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങി. ആ നമ്പറിൽ അദിതി ഭരദ്വാജുമായി ഒരു ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) സഹായത്തോടെ വാട്ട്‌സാപ്പ് സജീവമാക്കി. അതിനുശേഷം ബിഎസ്എഫുമായും വ്യോമസേനയുമായും ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും വീഡിയോകളും ആ നമ്പറിലേക്ക് പങ്കിടുകയായിരുന്നു. വിവരങ്ങൾ പങ്കുവെക്കാൻ ഗോഹിൽ ഉപയോഗിച്ച നമ്പറുകൾ പാകിസ്താനിൽ നിന്നാണ് പ്രവർത്തിപ്പിച്ചിരുന്നത് എന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പേര് വെളിപ്പെടുത്താത്ത ഒരാൾ ഗോഹിലിന് 40,000 രൂപ പണമായി നൽകിയതായും അധികൃതർ പറഞ്ഞു.

Content Highlights: Gujarat health worker arrested for sharing sensitive IAF & BSF information with a Pakistani agent