പരമ്പരാഗത ചടങ്ങുകൾ വേണം: രജിസ്ട്രേഷൻ മാത്രമായി ഹിന്ദു വിവാഹം സാധുവാകില്ല -ഗുജറാത്ത് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

അഹമ്മദാബാദ്: പരമ്പരാഗത ആചാരങ്ങളും ‘സപ്തപദി’ പോലെയുള്ള ചടങ്ങുകളും പാലിക്കാതെ വെറും രജിസ്ട്രേഷൻമാത്രം നടത്തിയാൽ ഹിന്ദുവിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹം എന്നത് കേവലം ‘പാട്ടും നൃത്തവും’ മാത്രമുള്ള ആഘോഷമല്ലെന്നും ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആർ.ടി. വാച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.

അഗ്നിയെ സാക്ഷിനിർത്തി വധൂവരന്മാർ ഒരുമിച്ച് ഏഴു ചുവടുവെക്കുന്ന ‘സപ്തപദി’പോലുള്ള ചടങ്ങുകൾ പൂർത്തിയാക്കുന്നതാണ് ഹിന്ദു വിവാഹത്തിന്റെ അടിത്തറ. പരമ്പരാഗത ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങൾക്കുമാത്രമേ നിയമസാധുതയുള്ളൂ എന്ന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ ഏഴിൽ വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

യു.കെ.യിൽ കഴിയുന്ന കൗശൽ സോനാർ എന്നയാൾ സമർപ്പിച്ച അപ്പീലിലാണ് വിധി. കൗശലുമായുള്ള വിവാഹം കഴിഞ്ഞതാണെന്ന വാദവുമായി അഹമ്മദാബാദ് സ്വദേശിനിയായ യുവതി ഇദ്ദേഹത്തിന്റെ അച്ഛനമ്മമാരെ സമീപിച്ചിരുന്നു. വിവാഹ സർട്ടിഫിക്കറ്റും കാണിച്ചു.

എന്നാൽ, വിവാഹച്ചടങ്ങുകൾ നടന്നിട്ടില്ലെന്നും വ്യാജ ഒപ്പുകളാണിതെന്നും കാണിച്ച് യുവാവ് കുടുംബകോടതിയെ സമീപിച്ചു. പക്ഷേ, കോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളി. ഇതിനെതിരേയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബകോടതിയുടെ നടപടി തെറ്റാണെന്നു വിലയിരുത്തിയ ഹൈക്കോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ചു.

Content Highlights: Hindu marriages require traditional rituals to be legally valid., Registration alone is insufficient under Section 7 of the Hindu Marriage Act., Saptapadi is a fundamental requirement for a valid Hindu union., The Gujarat High Court overturned a lower court order in a contested case.