കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാനുള്ള ആഗോളലക്ഷ്യം അനാവശ്യം -ഭൂപേന്ദര് യാദവ്

മോണ്ട്രിയല്: കാര്ഷികമേഖലയില് കീടനാശിനികളുടെ ഉപയോഗം മൂന്നില്രണ്ടായി കുറയ്ക്കുക എന്ന ആഗോളലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങള്ക്ക് വിടണമെന്നും കാനഡയിലെ മോണ്ട്രിയലില് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (കോപ്പ് 15) യില് ഇന്ത്യ. മറ്റു വികസ്വരരാജ്യങ്ങളെപ്പോലെത്തന്നെ, ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്ഷികമേഖലയുടെ നടുവൊടിക്കുന്ന സമീപനം ഉള്ക്കൊള്ളാനാകില്ലെന്ന് വെള്ളിയാഴ്ച ഉച്ചകോടിക്കിടെ നടന്ന ഉന്നതതലചര്ച്ചയില് പരിസ്ഥിതിമന്ത്രി ഭൂപേന്ദര് യാദവ് വ്യക്തമാക്കി.
ജൈവവൈവിധ്യസംരക്ഷണത്തിനായി ഗുണകരമായ കൂടുതല് നിക്ഷേപങ്ങള് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള യു.എന്. ചട്ടക്കൂടില് പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് കീടനാശിനികളുടെ ഉപയോഗം 2030-ഓടെ മൂന്നില്രണ്ടായി കുറയ്ക്കുകയെന്നതാണ്. പെസ്റ്റിസൈഡ് ആക്ഷന് നെറ്റ്വര്ക്ക് ഫെബ്രുവരിയില് പുറത്തുവിട്ട റിപ്പോര്ട്ടില് ഇന്ത്യയില് കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗം ഗുരുതര പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കീടനാശിനികള്ക്ക് നല്കുന്ന സബ്സിഡി ജൈവ വൈവിധ്യസംരക്ഷണത്തിനായി വകയിരുത്തണമെന്നാണ് പരിസ്ഥിതിപ്രവര്ത്തകരുടെ ആവശ്യം. ലോകജൈവവൈവിധ്യ സമ്പത്ത് 2030-ഓടെ പാതിയെങ്കിലും സംരക്ഷിച്ച് കാലാവസ്ഥാവ്യതിയാനങ്ങളാല് നരകയാതനയനുഭവിക്കുന്ന ഭൂമിയെ രക്ഷിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഇതിനുള്ള നിവേദനത്തില് 32 ലക്ഷം ജനങ്ങള് ഒപ്പിട്ടു. ഡിസംബര് ഏഴിനാരംഭിച്ച 196 രാജ്യങ്ങള് പങ്കെടുക്കുന്ന ഉച്ചകോടി ഡിസംബര് 19-ന് അവസാനിക്കും.
Content Highlights: pesticides bhupender yadav