ഗാസിയാബാദ് സ്‌ഫോടനം: 12 വർഷത്തെ ജയിൽവാസം, ഒടുവിൽ പ്രതി നിരപരാധിയെന്ന് കോടതി

അലഹബാദ് ഹൈക്കോടതി | Photo: PTI
അലഹബാദ് ഹൈക്കോടതി | Photo: PTI

ന്യൂഡൽഹി: ഗാസിയാബാദിൽ 1996-ൽ 18 പേരുടെ മരണത്തിനിടയാക്കിയ ബസ് സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഇല്യാസിനെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇല്യാസിനെ പ്രതിചേർക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വളരെ ഹൃദയഭാരത്തോടെയാണ് വിധിയെന്നും ജസ്റ്റിസ് സിദ്ധാർഥും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇതോടെ 29 വർഷത്തോളം പ്രതിയായ കേസിൽ 12 വർഷമായി ധസ്‌ന ജയിലിൽ കഴിയുന്ന ഇല്യാസിന്റെ മോചനത്തിന് വഴിയൊരുങ്ങി.

ഉത്തർപ്രദേശ് മുസാഫർ നഗറിലെ മീരാപുരിലാണ് മുഹമ്മദ് ഇല്യാസും കുടുംബവും താമസിച്ചിരുന്നത്. ആശാരിപ്പണിക്കാരനായ ഇല്യാസ് 1996 കാലത്ത് ലുധിയാനയിലേക്ക് തൊഴിൽസൗകര്യാർഥം മാറി. ഇക്കാലയളവിലാണ് ഡൽഹിയിൽനിന്ന് റൂർക്കിയിലേക്ക് പോവുകയായിരുന്ന ബസിൽ ഗാസിയാബാദിൽ സ്‌ഫോടനമുണ്ടാവുന്നത്. ഒരു വർഷത്തിനുശേഷം 1997 ജൂൺ എട്ടിന് യുപി പോലീസ് ഇല്യാസിനെ ലുധിയാനയിൽനിന്ന് അറസ്റ്റുചെയ്തു. ഇല്യാസിന്റെ പിതാവ് സിറാജുദ്ദീന്റെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ.

താൻ മറ്റൊരു പ്രതി അബ്ദുൽ മാതീന്റെകൂടെ ബസ് പുറപ്പെടുംമുൻപ്‌ ബോംബുവെച്ചതായി ഇല്യാസ് മൊഴിനൽകി എന്നാണ് കുറ്റപത്രത്തിൽ പോലീസ് ചേർത്തത്. തെളിവായി ഇല്യാസ് കശ്മീരിൽ പോയതിന്റെ ട്രെയിൻ ടിക്കറ്റും ഒരു ഡയറിയും ഉൾപ്പെടുത്തി. എന്നാൽ, കോടതിയിൽ താനങ്ങനെ മൊഴിനൽകിയിട്ടില്ലെന്ന് ഇല്യാസ് ബോധിപ്പിച്ചു. കശ്മീരിലെ കുടുംബക്കാരെ കാണാൻ ഇടയ്ക്ക് പോകാറുണ്ടെന്നും അറിയിച്ചു. ഇല്യാസിന്റെ ഒപ്പം ഗൂഢാലോചന നടത്തിയെന്നുപറയുന്ന മാതീൻ പാകിസ്താൻ പൗരനായിരുന്നു. ഇവർക്കിടയിൽ ഇടനിലക്കാരനെന്നപേരിൽ അറസ്റ്റിലായ തസ്‌ലീമിനെ നേരത്തേ കോടതി വെറുതേവിട്ടിരുന്നു.

1997-ൽ അറസ്റ്റിലായ ഇല്യാസ് 2003-ൽ ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് കേസ് നടത്താൻ മുസാഫർ നഗറിലെ വീട് വിറ്റ് ലുധിയാനയിലേക്ക് മാറി. ആശാരിപ്പണിക്കിടെ ഇടയ്ക്കിടയ്ക്ക് ഗാസിയാബാദ് കോടതിയിലെത്തി. 2013-ൽ വിചാരണക്കോടതി ഇല്യാസിന് ജീവപര്യന്തം ശിക്ഷവിധിച്ചു. ഇല്യാസ് ജയിലിൽപ്പോകുമ്പോൾ 17 വയസ്സുണ്ടായിരുന്ന മകൻ മുഹമ്മദ് ഷഹീദാണ്, അലഹാബാദ് കോടതിയിലെ അഭിഭാഷകൻ ഡാനിഷ് അർബാസിനെ കാണുന്നതും കേസ് അയാൾ ഏറ്റെടുക്കുന്നതും. ഒരു പോലീസ് ഉദ്യോഗസ്ഥന്റെമുന്നിൽ നടത്തിയെന്നുപറയുന്ന കുറ്റസമ്മതത്തിന് എത്രത്തോളം പ്രസക്തിയുണ്ടെന്നായിരുന്നു അഭിഭാഷകൻ പ്രധാനമായും വാദിച്ചത്.

Content Highlights: Allahabad High Court acquits Mohammed Ilyas in 1996 Ghaziabad bus blast case. Acquitted after 29 years, 12 spent in jail. Read the full story.