ജെൻസിക്ക് പിന്നാലെ ജെൻആൽഫ; UP-യിൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി അംബേദ്കർ ചിത്രമേന്തി പ്രതിഷേധം

#News Desk
യുപിയിലെ ഫത്തേപുരിൽ നടന്ന ജെൻ ആൽഫാ വിദ്യാർഥികളുടെ സമരത്തിന്റെ ദൃശ്യങ്ങൾ | Photos: X, Enhanced with AI
യുപിയിലെ ഫത്തേപുരിൽ നടന്ന ജെൻ ആൽഫാ വിദ്യാർഥികളുടെ സമരത്തിന്റെ ദൃശ്യങ്ങൾ | Photos: X, Enhanced with AI

ഫത്തേപുർ ( ഉത്തർപ്രദേശ്): ജന്തർ മന്തറിൽ തുടങ്ങി ഇന്ത്യയിലാകെ അലയടിച്ച പ്രക്ഷോഭമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ചത്. ജെൻസി തലമുറയിൽ പെട്ട യുവാക്കളാണ് ഈ പ്രക്ഷോഭത്തെ നയിച്ചത്. ഇപ്പോഴിതാ ജെൻസിക്ക് പിന്നാലെ അടുത്ത തലമുറയായ ജെൻ ആൽഫകളും തെരുവിലിറങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് തങ്ങളുടെ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയത്.

കിഷൻപുരിലെ സർവോദയം ഇന്റർ കോളേജിലെ വിദ്യാർഥികളാണ് ചൊവ്വാഴ്ച പ്രതിഷേധിച്ചത്. കുടിക്കാനായി ശുദ്ധജലം, വൃത്തിയുള്ള ശുചിമുറികൾ, കറങ്ങുന്ന ഫാനുകൾ, ലൈബ്രറി തുടങ്ങി സ്‌കൂളിലെ നിരവധിയായ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് കുട്ടികൾ അഞ്ച് മണിക്കൂർ നേരം സമരം ചെയ്തത്. ഒടുവിൽ സിജെപി സമരത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയതിന് സമാനമായി സ്‌കൂൾ അധികൃതർ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

കിഷൻപുർ സ്‌കൂളിലെ വിദ്യാർഥികളുടെ സമരത്തിന്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. ജെൻ ആൽഫയുടെ സമരം എന്നാണ് പലരും ഈ സമരത്തെ വിശേഷിപ്പിച്ചത്. ദേശീയപതാകയും ഭരണഘടനാശിൽപ്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രവും ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.

രാവിലെ ഏഴ് മണിക്ക് സ്‌കൂളിന്റെ ഗേറ്റ് തുറന്നതിന് പിന്നാലെയാണ് 'ജെൻ ആൽഫാ സമരം' ആരംഭിച്ചത്. സ്‌കൂളിലെ മോശം സാഹചര്യത്തെ കുറിച്ച് മാസങ്ങളായി വിദ്യാർഥികൾ പരാതി പറയുന്നു. എന്നാൽ അധികൃതർ തിരിഞ്ഞുനോക്കിയില്ല. തുടർന്നാണ് വിദ്യാർഥികൾ പ്രത്യക്ഷസമരത്തിലേക്ക് കടന്നത്. ഒടുവിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ സമരക്കാർക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം ഒത്തുതീർന്നത്. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പ്രക്ഷോഭം വീണ്ടുമുയരുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

പ്രിൻസിപ്പൽ ലാൽ ബഹദൂർ സിങ്ങും കിഷൻപുർ എസ്എച്ച്ഒ മനീഷ് സിങ്ങും സമരം ചെയ്യുന്ന വിദ്യാർഥികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഒടുവിൽ ഡിസ്ട്രിക്ട് സ്‌കൂൾ ഇൻസ്‌പെക്ടർ രാകേഷ് കുമാർ സ്ഥലത്തെത്തി വിദ്യാർഥികളുമായി ചർച്ച നടത്തി. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പ് രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് വിദ്യാർഥികൾ അയഞ്ഞത്. സമരം അവസാനിപ്പിച്ചെങ്കിലും ചൊവ്വാഴ്ച സ്‌കൂൾ പ്രവർത്തിച്ചില്ല.

Content Highlights: Gen Alpha students of Sarvodayam Inter College in Fatehpur, Uttar Pradesh, staged a five-hour protest carrying national flags and Dr. BR Ambedkar's portraits, forcing authorities to give a written assurance on basic school infrastructure.