ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാർകറിന് നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയം

ജൽന: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാർകർ മഹാരാഷ്ട്രയിലെ ജൽന നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. വാർഡ് 13ൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീകാന്ത് ബിജെപി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് കൗൺസിലർ സ്ഥാനത്തെത്തിയത്. 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
ഗൗരി ലങ്കേഷ് വധക്കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് ശ്രീകാന്ത് ജനവിധി തേടിയത്. തനിക്കെതിരെ ഇതുവരെ കോടതി കുറ്റം ചുമത്തിയിട്ടില്ലെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നുമാണ് വിജയത്തിന് ശേഷം ശ്രീകാന്ത് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അനുയായികളോടൊപ്പം വിജയാഘോഷം നടത്തുന്ന പങ്കാർകറുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
VIDEO | Jalna, Maharashtra: Journalist Gauri Lankesh murder accused Shrikant Pangarkar celebrates his victory with supporters after winning the Jalna Municipal Corporation elections as an independent candidate.
#Jalna #MaharashtraCivicPolls2026
(Full video available on PTI… pic.twitter.com/slFETxVN1w— Press Trust of India (@PTI_News) January 16, 2026
പ്രശസ്ത മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ 5-നാണ് ബെംഗളൂരുവിലെ വീടിന് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും കാരണമായിരുന്നു. ഈ കേസിൽ പ്രതിയായി ചേർക്കപ്പെട്ട പങ്കാർകറിന് 2024 സെപ്റ്റംബർ 4-നാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2018 ഓഗസ്റ്റിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കേസിലും പങ്കാർകർ പ്രതിയായിരുന്നു. അന്ന് സ്ഫോടകവസ്തു നിയമം, യുഎപിഎ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
Content Highlights: Accused in journalist Gauri Lankesh`s murder, Shrikant Pangarkar wins Jalna Municipal Corporation election. Learn about his victory amid the ongoing trial and his political history.