പൊട്ടിത്തെറിച്ചത് ഫ്രിഡ്ജ്, സമീപവാസികൾ കരുതിയത് പടക്കം പൊട്ടുകയാണെന്ന്; തീപ്പിടിത്തം, കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: വീടിനകത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെളഗാവി ടൗണിൽ സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ചാവടഗള്ളിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ഗജാനൻ രാജാറാം ദമോനെ (65), റോഷൻ ഗജാനൻ ദമോനെ (21), ശാരദാ ദമോനെ (45), ഭാരതി രാജാറാം ദമോനെ (50) എന്നിവരാണ് മരിച്ചത്. പ്രിയാ ഗജാനൻ ദമോനെ, ഗംഗാ ഗജാനൻ ദമോനെ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
രാത്രി ഗണേശചതുർഥി ആഘോഷത്തിൽ പ്രദേശത്ത് തുടർച്ചയായി പടക്കം പൊട്ടുന്ന സമയത്തായിരുന്നു ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. വലിയ പടക്കം പൊട്ടുകയാണെന്നാണ് ആദ്യം വിചാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. പിന്നീടാണ് അപകടമാണെന്ന് മനസ്സിലായത്.
നിമിഷങ്ങൾക്കകം വീടിനകത്ത് തീപർന്നുപിടിച്ചു. വീടിനകത്തുണ്ടായിരുന്ന ആർക്കും പുറത്തുകടക്കാനായില്ല. ദുരന്തത്തിൽപ്പെട്ടവർ പുലർച്ചെ ഒന്നര വരെ ഗണേശചതുർഥി ആഘോഷത്തിലായിരുന്നു. പിന്നീട് ഉറങ്ങാൻ കിടന്നശേഷമാണ് അപകടമുണ്ടായത്.
കൂലിപ്പണിയെടുത്ത് കഴിഞ്ഞുവന്ന കുടുംബമാണ് ദുരന്തത്തിനിരയായത്. ഷോട് സർക്കിറ്റാണ് അപകടത്തിനു കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ബെളഗാവി മാർക്കറ്റ് പോലീസ് കേസെടുത്തു.
Content Highlights: A refrigerator explosion in a house in Belagavi led to a fire, resulting in the death of four family members and severe burns to two others.The incident occurred near the Central Bus Stand in Chavadagalli during Ganesh Chaturthi celebrations, initially mistaken for fireworks.