ലണ്ടന്‍ സര്‍വകലാശാല പ്രൊഫസറെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞ് നാടുകടത്തി; കരിമ്പട്ടികയിലെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഹിന്ദി പണ്ഡിതയും ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് പ്രൊഫസറുമായ ഫ്രാന്‍സെസ്‌ക ഒര്‍സീനിയെ സാധുവായ വിസയുണ്ടായിട്ടും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞ് നാടുകടത്തി. തിങ്കളാഴ്ചയാണ് സംഭവം.
ഹോങ് കോങ്ങില്‍നിന്നാണ് അവര്‍ വന്നത്. ടൂറിസ്റ്റ് വിസയിലാണ് ഒര്‍സീനി എത്തിയതെന്നും വിസാ നിബന്ധനകള്‍ ലംഘിച്ചതിനാലാണ് നടപടിയെന്നും സര്‍ക്കാര്‍കേന്ദ്രങ്ങള്‍ പറഞ്ഞു. വിസാനിബന്ധനകള്‍ ലംഘിച്ചതിന് 2025 മാര്‍ച്ചുമുതല്‍ ഒര്‍സീനി കരിമ്പട്ടികയിലാണെന്നും പറഞ്ഞു.
'ദ് ഹിന്ദി പബ്ലിക് സ്ഫിയര്‍ 1920-1940: ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇന്‍ ദ് ഏജ് ഓഫ് നാഷണലിസം' എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ് അവര്‍.
അരക്ഷിതവും വിഭ്രാന്തിയുള്ളതും വിവേകമില്ലാത്തതുമായ ഒരു സര്‍ക്കാരിന്റെ മുദ്രയാണ് കാരണംകാണിക്കാതെയുള്ള നാടുകടത്തലെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.
Content Highlights: Renowned Hindi scholar Francesca Orsini was denied entry and deported from Delhi Airport despite a valid visa. Government cites visa violations and a 2025 blacklist.