മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ശിവരാജ് പാട്ടീല്‍
ശിവരാജ് പാട്ടീല്‍

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു.  കാലത്ത് 6:30 ഓടെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു.

ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ശിവരാജ് പാട്ടീല്‍ തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

2004 മുതല്‍ 2008 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 1991 മുതല്‍ 1996 വരെ ലോക്‌സഭയുടെ 10-ാമത് സ്പീക്കറായിരുന്നു. 2010 മുതല്‍ 2015 വരെ പഞ്ചാബിന്റെ ഗവര്‍ണറായും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1935 ഒക്ടോബര്‍ 12-ന് ജനിച്ച പാട്ടീല്‍, ലത്തൂരിലെ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫായിട്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 70-കളുടെ തുടക്കത്തില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, ലത്തൂര്‍ ലോക്‌സഭാ സീറ്റില്‍ ഏഴ് തവണ വിജയിച്ചു. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നീലംഗറോട് പരാജയപ്പെട്ടു.