BJP നേതാവ് BL സന്തോഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയായിരിക്കെ KCR പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ

ഹൈദരാബാദ്: ബി.ജെ.പി. നേതാവ് ബി.എല്‍. സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന മുഖ്യമന്ത്രിയായിരിക്കേ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. മകള്‍ കെ. കവിതയ്‌ക്കെതിരായ ഇ.ഡി. കേസ് ഒത്തുതീര്‍പ്പാക്കാനായി വിലപേശാന്‍ വേണ്ടിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ കെ.സി.ആര്‍. ഉദ്ദേശിച്ചതെന്നും മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി. രാധാകൃഷ്ണ റാവു വെളിപ്പെടുത്തി. രാധാകൃഷ്ണ റാവുവിന്റെ ആറുപേജുള്ള കുറ്റസമതത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കെ.സി.ആറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷിയ്ക്കും തലവേദനയുണ്ടാക്കിയ പലരേയും താന്‍ 'കൈകാര്യം' ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റസമ്മതത്തില്‍ പറയുന്നു.
തെലങ്കാന ഫോണ്‍ ടാപ്പിങ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വീട്ടില്‍വെച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് രാധാകൃഷ്ണ റാവു അറസ്റ്റിലായത്. സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ മേധാവിയായ ടി. പ്രഭാകര റാവുവാണ് കേസിലെ ഒന്നാം പ്രതി.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന പല കാര്യങ്ങളും റാവു വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബി.ആര്‍.എസ്. വിട്ട് ബി.ജെ.പിയില്‍ ചേരണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചുവെന്ന് ഒരു എം.എല്‍.എ. പറഞ്ഞതായി പ്രഭാകര റാവു തന്നോട് പറഞ്ഞുവെന്ന് രാധാകൃഷ്ണ റാവു വെളിപ്പെടുത്തി. തുടര്‍ന്നാണ് നിയമവിരുദ്ധമായി ഇവരുടെ ഫോണ്‍ ടാപ്പ് ചെയ്യാന്‍ മുഖ്യമന്ത്രിയായിരുന്ന കെ.സി.ആര്‍. നിര്‍ദേശിച്ചത്.
എം.എല്‍.എമാരെ റാഞ്ചാന്‍ ശ്രമിച്ച കേസിലാണ് ബി.എല്‍. സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ കേസന്വേഷിച്ചിരുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പദ്ധതിയിട്ടത്. സന്തോഷിന്റെ പേര് പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, തെലങ്കാന ഹൈക്കോടതിയില്‍നിന്നുള്ള സ്‌റ്റേ ഉത്തരവിനെ തുടര്‍ന്ന് സന്തോഷ് ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
ബി.ആര്‍.എസ്സിനോ (പഴയ ടി.ആര്‍.എസ്) സംസ്ഥാന സര്‍ക്കാരിനോ എതിരേ ഉയരുന്ന എല്ലാ ശബ്ദങ്ങളേയും മുന്‍ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ അനുചരവൃന്ദത്തിന്റേയും ഉത്തരവ് പ്രകാരം താന്‍ അടിച്ചമര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കുന്നവര്‍, ആരോപണമുന്നയിക്കുന്നവര്‍, പ്രതിഷേധിക്കുന്നവര്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ചെറിയ എതിര്‍സ്വരങ്ങളോ വിമര്‍ശനങ്ങളോ പോലും 'പെദയണ്ണ'യെ (വല്യേട്ടന്‍-കെ.സി.ആര്‍) അസ്വസ്ഥനാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2023-ലെ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗൊലുവിന്റെ സ്ഥാപനത്തില്‍ റെയ്ഡ് ചെയ്തത് സംബന്ധിച്ചും രാധാകൃഷ്ണ റാവു വെളിപ്പെടുത്തല്‍ നടത്തി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് കെ.സി.ആറിനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും വിമര്‍ശിച്ച് പോസ്റ്റുകളിട്ടിരുന്നുവെന്നും ഇതാണ് റെയ്ഡിന് കാരണമായതെന്നും അദ്ദേഹം പറയുന്നു.
Content Highlights: Former Telangana Chief Minister KCR wanted to arrest BJP leader BL Santhosh