മുൻ സിബിഐ ഡയറക്ടർ എം. നാഗേശ്വർ റാവു സജീവ രാഷ്ട്രീയത്തിലേക്ക്; എസ്.എസ്.പി. ദേശീയ അധ്യക്ഷനായി ചുമതലയേറ്റു

#ന്യൂസ് ഡെസ്ക്
എം. നാഗേശ്വർ റാവു | Photo: PTI Photo
എം. നാഗേശ്വർ റാവു | Photo: PTI Photo

വാരാണസി: മുൻ സി.ബി.ഐ. ഡയറക്ടർ എം. നാഗേശ്വർ റാവു സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ശനിയാഴ്ച വാരാണസിയിൽ വെച്ച് സർവ്വജന സനാതൻ പാർട്ടിയുടെ (എസ്.എസ്.പി.) ദേശീയ അധ്യക്ഷനായി അദ്ദേഹം ചുമതലയേറ്റു. ക്രമസമാധാന പാലനത്തിലും ഭരണരംഗത്തുമായി ഏകദേശം നാല് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് അദ്ദേഹം തൻ്റെ പുതിയ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

പൊതുഭരണരംഗത്തെ തൻ്റെ ദീർഘകാല അനുഭവം ഭാരതത്തിന്റെ പുനർനിർമാണം വെറും ഭരണപരിഷ്കാരങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്ന് തനിക്ക് ബോധ്യപ്പെടുത്തിയതായി റാവു പറഞ്ഞു. രാജ്യത്തിന്റെ നാഗരിക പാരമ്പര്യങ്ങളുമായി ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക വികസനം കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതന ധർമം എന്നത് ഒരു ആരാധനാ രീതി മാത്രമല്ല, സത്യം, ധർമം, കടമ, കരുണ, നീതി, ആത്മനിയന്ത്രണം, പ്രകൃതി, കുടുംബം, സമൂഹം, പൊതുജനക്ഷേമം എന്നിവയിലധിഷ്ഠിതമായ ഒരു ജീവിതരീതിയാണ്. പാർട്ടിയുടെ നയങ്ങൾ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ എതിരല്ല. സനാതനം ആർക്കും എതിരല്ലെന്നും സാമൂഹിക വിഭജനങ്ങൾ ഉണ്ടാക്കുന്നതിന് പകരം എല്ലാവർക്കുംവേണ്ടി പ്രവർത്തിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Former CBI Director M. Nageswara Rao entered active politics by taking charge as the national president of the Sarvajan Sanatan Party in Varanasi.