ഐ ഫോൺ ഓൺലൈനിൽ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് എണ്ണ; 1.80 ലക്ഷം പിഴയിട്ട് കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ

മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടിയിൽ തേക്കുന്ന എണ്ണ (Beard oil) കിട്ടിയ സംഭവത്തിൽ ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാർട്ടിനും വിൽപനക്കാരനും കനത്ത പിഴ വിധിച്ച് മുംബൈയിലെ ഉപഭോക്തൃ കോടതി. പകരമായി ലഭിച്ച ഉൽപ്പന്നത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നത്‌ ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയുടെ നടപടി.

മുംബൈയിലെ പവായ് സ്വദേശിയായ യുവാവ് 2023 ഏപ്രിൽ 22-നാണ് ഫ്‌ളിപ്കാർട്ടിലൂടെ 1,11,793 രൂപ നൽകി ഐഫോൺ 14 പ്രോ ഓർഡർ ചെയ്തത്. നോ-കോസ്റ്റ് ഇഎംഐ സ്‌കീം വഴിയാണ് തുക നൽകിയത്. എന്നാൽ അടുത്ത ദിവസം ലഭിച്ച പാഴ്‌സലിൽ ഐഫോണിന് പകരം താടി വളരാൻ ആളുകൾ തേക്കുന്ന എണ്ണയും മറ്റ് പാക്കിംഗ് സാധനങ്ങളുമാണ് ഉണ്ടായിരുന്നത്.

തനിക്ക് തെറ്റായ ഉൽപ്പന്നമാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ, മെയ് മാസങ്ങളിൽ യുവാവ് പലതവണ ഫ്‌ളിപ്കാർട്ടിനെ സമീപിച്ചു. എന്നാൽ പരാതി അന്വേഷിക്കുന്നതിനോ പണം തിരികെ നൽകുന്നതിനോ തയ്യാറാകാതെ, പരാതി പരിഹരിച്ചുവെന്ന് രേഖപ്പെടുത്തി പരാതികൾ ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്. പരാതികൾ പരിഹരിക്കാതെ ആവർത്തിച്ച് ക്ലോസ് ചെയ്യുന്നത് അധാർമ്മികമായ വ്യാപാര രീതി (Unfair trade practice) ആണെന്ന് കോടതി വ്യക്തമാക്കി. ഒരു വിൽപന നടത്തിയതിന് ശേഷം കമ്പനിക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

കോടതി വിധിയനുസരിച്ച് ഫ്‌ളിപ്കാർട്ടും വിൽപനക്കാരായ ഇന്റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ഫോണിന് വേണ്ടി അടച്ച തുകയും നിയമ നടപടികൾക്കായി ചെലവായ തുകയുമടക്കം പരാതിക്കാരന് നൽകേണ്ടി വരും. ഐഫോണിന്റെ വിലയായ 1,11,793 രൂപ (9 ശതമാനം പലിശ സഹിതം) പരാതിക്കാരന് നൽകണം. ഇതിനൊപ്പം മാനസിക പീഡനത്തിന്‌ നഷ്ടപരിഹാരമായി 50,000 രൂപയും നിയമനടപടികൾക്കായുള്ള ചെലവായി 20,000 രൂപയും കമ്പനിയും വിൽപ്പനക്കാരനും ചേർന്ന് നൽകണം.

ഈ കേസിൽ എതിർകക്ഷിയായിരുന്ന ആപ്പിൾ ഇന്ത്യയെ കോടതി കേസിൽ നിന്ന് ഒഴിവാക്കി. ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കൾ എന്ന നിലയിൽ പാക്കേജിംഗിലോ വിതരണത്തിലോ ഉണ്ടാകുന്ന വീഴ്ചകളിൽ അവർക്ക് പങ്കില്ലെന്ന് കോടതി നിരീക്ഷിച്ചു. 

Content Highlights: Mumbai court penalizes Flipkart for delivering incorrect item instead of iPhone 14 Pro., Court ruled the company's refusal to address complaints as an unfair trade practice., Flipkart and the seller ordered to refund Rs 1,11,793 with 9% interest., Additional compensation of Rs 70,000 awarded for mental agony and legal costs., Apple India cleared of liability by the consumer court.