74 ലക്ഷം രൂപയുടെ കടം വീട്ടാന്‍ കംബോഡിയയില്‍ പോയി വൃക്ക വിറ്റ് മഹാരാഷ്ട്രയിലെ കര്‍ഷകന്‍, പറ്റിക്കപ്പെട്ടതായി പരാതി

#ന്യൂസ് ഡെസ്ക്
റോഷൻ സദാശിവ് കുഡെ | Photo : X / @ndtv
റോഷൻ സദാശിവ് കുഡെ | Photo : X / @ndtv

മുംബൈ: വായ്പയും പലിശയും കൂടിക്കൂടി വീട്ടാനാകാതെ വന്നതോടെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ കംബോഡിയയിൽ പോയി വൃക്ക വിറ്റ് കർഷകൻ. ഒരു ലക്ഷം രൂപയുടെ വായ്പയും ദിവസവും 10,000 രൂപ പലിശയും കാരണം കടം 74 ലക്ഷം രൂപയായി തീർന്നതോടെയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള കർഷകനായ റോഷൻ സദാശിവ് കുഡെ എന്ന കർഷകൻ വൃക്ക വിൽക്കാനും നിർബന്ധിതനായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. റോഷൻ സദാശിവ് കുഡെയ്ക്ക് വായ്പ നല്‍കിയ ഒരാളുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരത്തില്‍ ചെയ്തത്. വൃക്ക വിറ്റ് എട്ട് ലക്ഷം രൂപ മാത്രമാണ് കിട്ടിയതെന്നും താൻ പറ്റിക്കപ്പെടുകയായിരുന്നുെവെന്നും കാട്ടി റോഷൻ സദാശിവ് കുഡെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. 

കൃഷിയിൽ തുടർച്ചയായ നഷ്ടം നേരിട്ടതിനെത്തുടർന്ന് റോഷൻ സദാശിവ് കുഡെ പാൽ ഉത്പാദന രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചു. വിവിധ പണമിടപാടുകാരിൽ നിന്ന് അദ്ദേഹം ഒരു ലക്ഷം രൂപയുടെ കടം വാങ്ങി. ക്ഷീരവ്യവസായം തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം വാങ്ങിയ പശുക്കൾ ചത്തു. സ്വന്തമായിരുന്ന ഭൂമിയിലെ വിളകൾ നശിച്ചു. കടക്കെണി മുറുകി, പണമിടപാടുകാർ കുഡെയെയും കുടുംബത്തെയും ഉപദ്രവിക്കാൻ തുടങ്ങി.

കടം വീട്ടാനായി കർഷകൻ തന്റെ ഭൂമി, ട്രാക്ടർ, വിലപ്പെട്ട വീട്ടുപകരണങ്ങൾ എന്നിവ വിറ്റു, പക്ഷേ അത് മതിയായിരുന്നില്ല. കടം വീട്ടാനായി പണമിടപാടുകാരിൽ ഒരാൾ കുഡെയോട് വൃക്ക വിൽക്കാൻ ഉപദേശിച്ചു. ഒരു ഏജന്റ് വഴിറോഷൻ സദാശിവ് കുഡെ കൊൽക്കത്തയിലേക്ക് പോയി. പരിശോധനകൾക്ക് ശേഷം കംബോഡിയയിലേക്ക് പോയി. അവിടെ അദ്ദേഹത്തിന്റെ വൃക്ക നീക്കം ചെയ്യപ്പെടുകയും എട്ട് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഇത് മാനസികവും ശാരീരികവുമായ പ്രയാസം വർധിപ്പിച്ചെന്നും കുഡെ അവകാശപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ താനും കുടുംബവും മുംബൈയിലെ സംസ്ഥാന സർക്കാരിന്റെ ആസ്ഥാനമായ മന്ത്രാലയത്തിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുണ്ട്.

Content Highlights: A Maharashtra farmer sold a kidney in Cambodia to repay a massive debt. Learn about his desperate financial struggle and the shocking ordeal.