കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ ലോറിയിൽ കൊണ്ടുവന്ന് റോഡിൽ തള്ളി; പെറുക്കിയെടുക്കാൻ തിക്കിത്തിരക്കി ജനം

കാൺപൂർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റും ടോഫികളും ചാക്കുകളിലും പെട്ടികളിലുമാക്കി വഴിയരികിൽ തള്ളി. എടുത്തുകൊണ്ടുപോകാൻ ജനം ഇരച്ചെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്.
പാങ്കിയിലെ ഫെർട്ടിലൈസർ ഫാക്ടറിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ട്രക്കിലെത്തിച്ച ചോക്ലേറ്റ് ശേഖരം തള്ളിയതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിൽപ്പനയ്ക്ക് അനുയോജ്യമല്ലാത്തതിനെ തുടർന്നാണ് ഇവ ഇവിടെ ഉപേക്ഷിച്ചതെന്നാണ് വിവരം. ചോക്ലേറ്റുകൾ പെട്ടികളിലാക്കി തള്ളിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ സമീപവാസികളും വഴിയാത്രക്കാരും ഉൾപ്പെടെ വൻ ആൾക്കൂട്ടം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
നാല് ദിവസം മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചോക്ലേറ്റുകൾക്ക് വേണ്ടി ആളുകൾ അടികൂടുന്നതും പലരും പെട്ടികളെടുത്ത് ബൈക്കുകളിലും സൈക്കിളുകളിൽ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചോക്ലേറ്റുകൾ 2024-ൽത്തന്നെ കാലാവധി കഴിഞ്ഞതാണെന്ന് പ്രദേശവാസികൾ പറഞ്ഞതായി വീഡിയോ പങ്കുവെച്ചയാൾ പറയുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ വ്യക്തി, ഇവ ഉപയോഗിക്കരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ആരും അത് വകവെക്കാതെ ചോക്ലേറ്റുകൾ ശേഖരിക്കുന്നതും കാണാം.
വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാങ്കി പോലീസ് സ്റ്റേഷൻ ഓഫീസർക്ക് നിർദേശം നൽകിയതായി കാൺപൂർ ഡി.സി.പി എസ്.എം. ഖാസിം ആബിദി അറിയിച്ചു. സൗജന്യമായി കിട്ടുന്ന എന്തും കണ്ണുമടച്ച് വാങ്ങിക്കൂട്ടുന്ന ജനങ്ങളുടെ മനോഭാവത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Content Highlights: Expired chocolates and toffees were dumped in sacks and boxes in Kanpur's Panki industrial area., A large crowd rushed to the site to collect the discarded sweets, as seen in a viral video., Locals claimed the chocolates expired back in 2024, raising major health concerns., Kanpur DCP has ordered the Panki police station officer to investigate and report on the incident.