എക്‌സിറ്റ്‌പോൾ പ്രവചനം ഫലിക്കുമോ? 2021-ൽ കേരളത്തിലും ബംഗാളിലും പ്രവചനം പാളി

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും ഭരണമാറ്റത്തിന്റെ സൂചന നൽകുന്ന എക്‌സിറ്റ്‌പോളുകൾ ഫലിക്കുമോയെന്ന ചർച്ച രാഷ്ട്രീയകേന്ദ്രങ്ങളിൽ സജീവമാകവേ, 2021-ൽ ഇരു സംസ്ഥാനങ്ങളിലും പല എക്സിറ്റ്പോളും കൃത്യമായില്ലെന്ന് കണക്കുകൾ.

2021-ൽ പശ്ചിമബംഗാളിൽ ഏറക്കുറെ എല്ലാ ഏജൻസികളും തൃണമൂൽ കോൺഗ്രസിന് വിജയം പ്രവചിച്ചെങ്കിലും ബി.ജെ.പി.യും തൃണമൂലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന സൂചനകളാണ് നൽകിയത്. എന്നാൽ, യഥാർഥഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസ് ബംഗാൾ തൂത്തുവാരി.

2016-ൽ പറഞ്ഞതും ഇടത്-കോൺഗ്രസ് സഖ്യവും തൃണമൂൽ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ്. എന്നാൽ, അന്നും ജയിച്ചത് തൃണമൂൽ. ഇത്തവണത്തെ പല എക്‌സിറ്റ്‌പോളുകളും പ്രവചിക്കുന്നത് ബി.ജെ.പി. ഭരണം പിടിക്കുമെന്നാണ്. അതു നടക്കില്ലെന്നാണ് കണക്കിലെ കൃത്യതക്കുറവ് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നത്.

കേരളത്തിലും 2021-ലെ എക്‌സിറ്റ്‌പോളുകൾ ഇടതുമുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും തരംഗസൂചന നൽകിയിരുന്നില്ല. എന്നാൽ, ഫലം വന്നപ്പോൾ 99 സീറ്റുനേടി ഇടതുതരംഗം തന്നെയായി. അതേസമയം, തമിഴ്‌നാട്ടിലും അസമിലും ഏറക്കുറെ കൃത്യമായ ഫലസൂചനയാണ് 2021-ൽ എക്‌സിറ്റ്‌പോളുകൾ നൽകിയത്.

140 മണ്ഡലങ്ങളുള്ള കേരളത്തിൽ ഭൂരിപക്ഷത്തിനാവശ്യമായത് 71 സീറ്റാണ്. ഭൂരിഭാഗം ഏജൻസികളും 2021-ൽ എൽ.ഡി.എഫിനു പ്രവചിച്ചത് ശരാശരി 80 സീറ്റാണ്. ‘ടുഡേയ്‌സ് ചാണക്യ’ ഏജൻസിയുടെ പ്രവചനംമാത്രമാണ് യഥാർഥ ഫലത്തോട് ഏറക്കുറെ അടുത്തുനിന്നത്. ഇവർ 93 മുതൽ 111 വരെ സീറ്റുവരെ എൽ.ഡി.എഫിന് പറഞ്ഞു. ഇത്തവണ ശരാശരി 80 സീറ്റുവരെ യു.ഡി.എഫ്. നേടുമെന്നാണ് പ്രവചനം. ചില ഏജൻസികൾ 90 സീറ്റുവരെ പറയുന്നു.

294 മണ്ഡലങ്ങളുള്ള ബംഗാളിൽ കേവലഭൂരിപക്ഷത്തിന് 148 സീറ്റുവേണം. 2021-ൽ ഭൂരിഭാഗം ഏജൻസികളും തൃണമൂലിന് ശരാശരി 160- 164 സീറ്റുവരെയാണ് പ്രവചിച്ചത്. ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ച ഏജൻസി അവർക്ക് 185 സീറ്റുവരെ പറഞ്ഞു. ചിലർ ബി.ജെ.പി.ക്ക് 160 സീറ്റുവരെ പ്രവചിച്ചു. എന്നാൽ, ഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിനു കിട്ടിയത് 215 സീറ്റ്. ബി.ജെ.പിക്ക് 77-ഉം.

ഇവിടെയും ‘ടുഡേയ്‌സ് ചാണക്യ’യാണ് ഏറക്കുറെ യഥാർഥ ഫലത്തോട് അടുത്തുനിൽക്കുന്ന പ്രവചനം നടത്തിയത്. തൃണമൂൽ കോൺഗ്രസിന് 191 സീറ്റുവരെയും ബി.ജെ.പി.ക്ക് 97 മുതൽ 119 സീറ്റുവരെയും അവർ പറഞ്ഞു.

ഇത്തവണ ബംഗാളിലെ പ്രവചനത്തിന്റെ ആകത്തുക നോക്കിയാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനയാണു കാണുന്നത്. നേരിയ മേൽക്കൈ പലരും ബി.ജെ.പി.ക്ക് പ്രവചിച്ചപ്പോൾ ചിലർ തൃണമൂലിനും ഭൂരിപക്ഷം പ്രവചിക്കുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി എസ്.ഐ.ആർ. ബംഗാൾ തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: Analysis of 2021 exit poll discrepancies in Kerala and West Bengal. Comparison of predicted vs actual seat counts for LDF and TMC. Evaluation of polling agencies like Today's Chanakya. Contextualizing the reliability of exit polls in Indian state elections.