യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം: യോഗിയോട് തെളിവ് ചോദിച്ച് മുൻ ജഡ്ജിമാരുടെ സമിതി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെളിവ് നൽകണമെന്ന് വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സമിതി. പ്രസ്താവനയ്ക്ക് ആധാരമായ വിവരങ്ങളും തെളിവുകളും നൽകണമെന്ന് സമിതി യോഗിയോട് ആവശ്യപ്പെട്ടു. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ (എസ്ഐആർ) നടപടിക്കിടെ ഇത്രയും പേരെ ഒഴിവാക്കിയെന്നായിരുന്നു യോഗിയുടെ അവകാശവാദം. ഈ അവകാശവാദം പരിശോധിക്കുന്നതിനും അർഹരായ വോട്ടർമാരെ അന്യായമായി പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുമാണ് സമിതി വിവരങ്ങൾ തേടിയത്.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ സ്വതന്ത്ര കമ്മിഷനാണ് യോഗി ആദിത്യനാഥിന് കത്തയച്ചത്. ഉത്തർപ്രദേശിലെ വോട്ടർപട്ടികയുടെ എസ്ഐആർ നടപടികൾ പരിശോധിക്കുന്നതിനായി രൂപവത്കരിച്ച സ്വയം പ്രഖ്യാപിത കമ്മിഷനാണിത്. 1.27 കോടി ഹിന്ദുക്കൾ പട്ടികയിൽനിന്ന് പുറത്തായെന്ന മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവന ഗൗരവത്തോടെ പരിശോധിക്കാനാണ് കമ്മിഷന്റെ തീരുമാനം.
ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷൻ (എൽഎഎഫ്സി) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. യോഗിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വിവരങ്ങളോ രേഖകളോ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടതായി വാർത്താക്കുറിപ്പിൽ പറയുന്നു. വോട്ടർ പട്ടികയിൽനിന്ന് ഇത്രയധികം പേരെ ഒഴിവാക്കിയെന്ന അവകാശവാദത്തിന് വ്യക്തമായ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
വോട്ടർപട്ടിക പുതുക്കുന്ന നടപടിയുടെ ഭാഗമായി ഇത്രയും പേരെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ നടപടിക്രമങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നാണ് കമ്മിഷന്റെ നിലപാട്. പട്ടിക തയ്യാറാക്കാൻ സ്വീകരിച്ച രീതിയിൽ എന്തെങ്കിലും പിഴവുകളോ പോരായ്മകളോ ഉണ്ടായിട്ടുണ്ടോ എന്നറിയിക്കുന്ന വിവരങ്ങളും സമിതി തേടിയിട്ടുണ്ട്. വോട്ടർമാരെ ഒഴിവാക്കാൻ ഇടയാക്കിയേക്കാവുന്ന നടപടിക്രമങ്ങളിലെ വീഴ്ചകൾ വ്യക്തമാക്കുന്ന രേഖകളുണ്ടെങ്കിൽ അവയും കൈമാറണമെന്ന് ആവശ്യപ്പെട്ടു. ലഭിക്കുന്ന വിവരങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെയും നിഷ്പക്ഷതയോടെയും പരിശോധിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് എത്രയും വേഗം വിവരങ്ങൾ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവർ പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ടെങ്കിൽ അത് അവരുടെ ജനാധിപത്യ അവകാശത്തെ ബാധിക്കുമെന്നാണ് സമിതിയുടെ ആശങ്ക. അതുകൊണ്ടുതന്നെ യോഗിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വിവരങ്ങൾ വൈകാതെ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം. 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായിക്, മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബദർ ദുരേസ് അഹമ്മദ്, ജസ്റ്റിസ് രേഖ ശർമ, ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷനാണ് ഈ സ്വതന്ത്ര കമ്മിഷന് രൂപം നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭരണഘടനാപരവും നിയമപരവുമായ സാധുത പരിശോധിക്കുകയാണ് കമ്മിഷന്റെ പ്രധാന ലക്ഷ്യം. വോട്ടർപട്ടിക പരിഷ്കരിക്കാൻ സ്വീകരിക്കുന്ന രീതികളും അതിന്റെ മൊത്തത്തിലുള്ള പ്രത്യാഘാതങ്ങളും സമിതി വിലയിരുത്തും. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിലെ എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിനോട് വിശദീകരണവും തെളിവുകളും തേടിയിരിക്കുന്നത്.
Content Highlights: An independent commission of retired Supreme Court and High Court judges led by Justice Madan B. Lokur asked UP CM Yogi Adityanath to provide evidence supporting his claim that 1.27 crore Hindus were deleted from voter rolls.