'ബാബറി മസ്ജിദിന്റെ നിര്‍മാണം ക്ഷേത്രം പൊളിച്ച്, തെളിവുണ്ട്'; മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ബാബറി മസ്ജിദ് നിര്‍മിച്ചത് തന്നെയായിരുന്നു അടിസ്ഥാനപരമായ അവഹേളിക്കല്‍ എന്നാണ് ചന്ദ്രചൂഡ് പറഞ്ഞിരിക്കുന്നത്. ന്യൂസ് ലോണ്‍ട്രി മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിനുമായുള്ള അഭിമുഖത്തിനിടെയാണ് ചന്ദ്രചൂഡ് ഈ നിരീക്ഷണം നടത്തിയത്.
1949 ഡിസംബറില്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് പോലുള്ള അവഹേളിക്കല്‍ പ്രവര്‍ത്തികള്‍ക്ക് ഹിന്ദു കക്ഷികള്‍ ഉത്തരവാദികളായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി, പള്ളിയുടെ നിര്‍മാണം തന്നെ ഒരു അവഹേളിക്കല്‍ ആയിരുന്നു എന്ന് ചന്ദ്രചൂഡ് പറഞ്ഞു.
എന്നാല്‍, ഈ പരാമര്‍ശം സുപ്രീം കോടതിയുടെ 2019-ലെ അയോധ്യ വിധിക്ക് വിപരീതമാണെന്ന് ജെയിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഹിന്ദു ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മിച്ചതെന്ന് നിഗമനത്തിലെത്താന്‍ തെളിവുകളില്ലെന്ന് വിധിയില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് അയോധ്യ വിധി പ്രസ്താവിച്ചതും.
'ഉള്‍മുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ആ അടിസ്ഥാനപരമായ അവഹേളിക്കല്‍ പ്രവൃത്തിയെക്കുറിച്ച് എന്തു പറയുന്നു - അതായത് പള്ളി നിര്‍മ്മിച്ചത് തന്നെ. സംഭവിച്ചതെല്ലാം നിങ്ങള്‍ മറന്നോ? ചരിത്രത്തില്‍ സംഭവിച്ചത് നമ്മള്‍ മറക്കണോ?' പള്ളിക്ക് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി പണിതതെന്നും പുരാവസ്തുപരമായ തെളിവുകള്‍ വിധിയില്‍ കോടതി കണ്ടെത്തിയിട്ടുണ്ട്' ചന്ദ്രചൂഡ് മറുപടി നല്‍കി.
ചരിത്രത്തില്‍ അത് സംഭവിച്ചുവെന്ന് നിങ്ങള്‍ അംഗീകരിക്കുകയും, പുരാവസ്തുപരമായ തെളിവുകളുടെ രൂപത്തില്‍ നമുക്ക് തെളിവുകള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ കണ്ണടയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
പള്ളിക്ക് താഴെയുണ്ടായിരുന്ന നിര്‍മിതി തകര്‍ത്താണ് പള്ളി പണിതതെന്നതിന് തെളിവുകളില്ലെന്ന് വിധിയില്‍ തന്നെ പറയുന്നതായി ജെയിന്‍ ചൂണ്ടിക്കാട്ടി.
പുരാവസ്തു ഖനനത്തില്‍ നിന്ന് മതിയായ തെളിവുകള്‍ ഉണ്ടായിരുന്നു. ഇനി, ഒരു പുരാവസ്തു ഖനനത്തിന്റെ തെളിവ് മൂല്യം എന്താണെന്നത് മറ്റൊരു വിഷയമാണെന്നും താന്‍ യഥാര്‍ത്ഥത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഒരു പുരാവസ്തു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ തെളിവുകളുണ്ടെന്നും ചന്ദ്രചൂഡ് പറഞ്ഞു.
താഴെയുള്ള നിര്‍മിതി തകര്‍ത്തുതന്നെയാണ് പള്ളി പണിതതെന്ന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ജെയിന്‍ വീണ്ടും ആവര്‍ത്തിച്ചു. വിധിയെ വിമര്‍ശിക്കുന്നവര്‍ അത് വായിച്ചിട്ടില്ലെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
'വിധിയെ വിമര്‍ശിക്കുന്ന ആളുകള്‍ പള്ളിയുടെ അടിസ്ഥാന ചരിത്രം അവഗണിക്കാനും, അവര്‍ മുന്നോട്ട് വെക്കുന്ന വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതല്‍ താരതമ്യപരവും തിരഞ്ഞെടുത്തതുമായ ചരിത്രത്തെ ആശ്രയിക്കാനുമാണ് ആഗ്രഹിക്കുന്നത്. രണ്ടാമതായി, കോടതിക്ക് ഭൂമി വിഭജിച്ച് ഒരു ഭാഗം ഒരു കൂട്ടര്‍ക്കും മറുഭാഗം മറ്റേ കൂട്ടര്‍ക്കും നല്‍കാമായിരുന്നു എന്ന് നിങ്ങള്‍ പറയുന്നു, എന്നാല്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, ഒരു ജുഡീഷ്യല്‍ ഭരണതന്ത്രജ്ഞതയുടെ ആവശ്യമില്ലായിരുന്നു' അദ്ദേഹം പറഞ്ഞു.
'തെളിവുകളുടെയും പരമ്പരാഗത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഒരു നിഗമനത്തില്‍ എത്തിയത്. വിധി വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, തെളിവുകളെയല്ല എന്ന വിമര്‍ശനം, വിധി വായിക്കാത്തവരുടേതാണെന്ന് ഞാന്‍ ധൈര്യപൂര്‍വ്വം പറയും' ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Former CJI Chandrachud's Ayodhya Remarks Spark Controversy: Mosque Construction Itself "Desecration"