ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍; കേന്ദ്ര നിര്‍ദേശം അട്ടിമറിച്ചത് ഇപിഎഫ്ഒ, തൊഴില്‍മന്ത്രാലയത്തിന്റെ കത്ത് പുറത്ത്

#ഷൈന്‍ മോഹന്‍
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിച്ച ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശംവരെ ഇപിഎഫ്ഒ അവഗണിച്ചതായി തെളിയുന്നു. തൊഴില്‍മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി 2023 മേയ് 31-ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഉയര്‍ന്ന പെന്‍ഷനുവേണ്ടി അധിക ശമ്പളവിഹിതം പിടിക്കുന്നതിന് ഇപിഎഫ്ഒ സ്വയം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. മാത്രവുമല്ല, വിരമിക്കുന്നതിന്റെ തൊട്ടുമുന്‍പുള്ള 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെ അടിസ്ഥാനമാക്കി വേണം പെന്‍ഷന്‍ കണക്കാക്കാനെന്ന് തൊഴില്‍മന്ത്രി നിര്‍ദേശിച്ചതായും കത്തിലുണ്ട്.

മുന്‍പ്

ഈ കത്തയച്ചതിന്റെ പിറ്റേന്നുതന്നെ ഇക്കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇപിഎഫ്ഒയുടെ സര്‍ക്കുലറും ഇറങ്ങി. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം പെന്‍ഷന്‍ നല്‍കിത്തുടങ്ങുന്നവര്‍ക്ക് അവസാനത്തെ അറുപതുമാസത്തെ ശമ്പളത്തിന്റെ ശരാശരിതന്നെയായിരിക്കും അടിസ്ഥാനമാക്കുകയെന്ന് 2023 ജൂണ്‍ ഒന്നിന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതിനുമുന്‍പ് പെന്‍ഷന്‍ ആരംഭിക്കുന്നവര്‍ക്ക് അവസാനത്തെ 12 മാസത്തിന്റെ ശരാശരിയാകും അടിസ്ഥാനമാക്കുക.

ശേഷം

എന്നാല്‍, പിന്നീടാണ് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷനെ അട്ടിമറിക്കാന്‍ പ്രോ റേറ്റ രീതി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്‍ഡ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അവലംബിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഈ വര്‍ഷം ജനുവരി 18-ന് ഇപിഎഫ്ഒ സര്‍ക്കുലറും ഇറക്കി.

പ്രോ റേറ്റാ

അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെടുത്ത് പെന്‍ഷന്‍ കണക്കാക്കുന്നതിന് പകരം 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പും ശേഷവുമുള്ള സര്‍വീസുകളെ രണ്ടായി പരിഗണിക്കുന്ന പ്രോ റേറ്റാ രീതി അവലംബിച്ചതോടെ പെന്‍ഷന്‍ ഗണ്യമായി കുറഞ്ഞു. കാരണം, 2014-ലെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് അതിനുമുന്‍പുള്ള സേവനകാലയളവിലെ പെന്‍ഷന്‍ കണക്കാക്കുന്നത്. യഥാര്‍ഥ ശമ്പളത്തിന് കണക്കാക്കിത്തന്നെ പെന്‍ഷന്‍ഫണ്ടിലേക്ക് വിഹിതം അടച്ച് ഉയര്‍ന്ന പെന്‍ഷനായി കാത്തിരുന്നവര്‍ക്കാണ് ഇപിഎഫ്ഒയുടെ ഇരുട്ടടി നേരിട്ടത്.

സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഇപിഎഫ്ഒ അട്ടിമറിച്ചു

2022 നവംബര്‍ നാലിനാണ് പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്. അതിനുശേഷം 2023 മേയ് വരെ ലഭിച്ച 15.9 ലക്ഷം അപേക്ഷകളില്‍ ഒന്നുപോലും ഇപിഎഫ്ഒ യോഗ്യതയുള്ളതായി കണക്കാക്കാത്തതിന് കാരണം അവര്‍തന്നെ സൃഷ്ടിച്ച പ്രശ്‌നങ്ങളാണെന്നും തൊഴില്‍മന്ത്രാലയത്തിന്റെ കത്തില്‍ കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന ശമ്പളവിഹിതം നല്‍കാന്‍ ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതിലെ പ്രശ്‌നം പിന്നീട് പരിഹരിക്കപ്പെട്ടെങ്കിലും പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ പ്രോറേറ്റ കൊണ്ടുവന്നത് വഴി കേന്ദ്രനിര്‍ദേശവും സുപ്രീംകോടതി വിധിയുടെ അന്തഃസത്തയുമാണ് ഇപിഎഫ്ഒ അട്ടിമറിച്ചത്.

Content Highlights: EPFO accused of ignoring central directive to provide higher PF pensions as mandated by Supreme Court. Ministry letter reveals EPFO`s alleged actions. Read details here.