മദ്യം പഞ്ചാബിനെ വേട്ടയാടിയതിന് ഇവിടുത്തെ ഭരണകക്ഷിയുടെ സമരം, കേരളത്തില്‍ മിണ്ടാട്ടമില്ല -മേധാ പട്കര്‍

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വിരുദ്ധ സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ പരിസ്ഥിതിപ്രവർത്തക മേധാ പട്കറും സംഘവും മദ്യക്കമ്പനി വാങ്ങിച്ച എലപ്പുള്ളി മണ്ണുക്കാട്ടെ സ്ഥലം സന്ദർശിക്കുന്നു.
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വിരുദ്ധ സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ പരിസ്ഥിതിപ്രവർത്തക മേധാ പട്കറും സംഘവും മദ്യക്കമ്പനി വാങ്ങിച്ച എലപ്പുള്ളി മണ്ണുക്കാട്ടെ സ്ഥലം സന്ദർശിക്കുന്നു.

പാലക്കാട്: കൊക്കകോളയെ പ്ലാച്ചിമടയില്‍നിന്ന് നാടുകടത്തിയിട്ടും ഇരകള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാതിരിക്കേ അറിഞ്ഞുകൊണ്ട് വീണ്ടും ഒരു ദുരന്തം വരുത്തിവെക്കരുതെന്ന് പരിസ്ഥിതിപ്രവര്‍ത്തക മേധാ പട്കര്‍. കുടിവെള്ളത്തിനായി വീര്‍പ്പുമുട്ടുന്ന മണ്ണുക്കാട് വേറൊരു പ്ലാച്ചിമടയാക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

എലപ്പുള്ളിയില്‍ മദ്യക്കമ്പനി സ്ഥാപിക്കുന്നതിനെതിരേ ബ്രൂവറിവിരുദ്ധ സമരസമിതി മണ്ണുക്കാട്ട് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മദ്യക്കമ്പനിയെ ഗ്രാമസഭയുടെ അധികാരമുപയോഗിച്ച് നാടുകടത്തുമെന്നും മേധ പട്കര്‍ പറഞ്ഞു.

പ്ലാച്ചിമടയില്‍ കോളക്കമ്പനിക്കെതിരേ ജനകീയപ്രക്ഷോഭം നടന്നപ്പോള്‍ രാഷ്ട്രീയഭേദമന്യ പലരും പങ്കാളികളായി. ആ പോരാട്ടത്തില്‍ പങ്കെടുത്ത എം.ബി. രാജേഷ് എക്സൈസ് മന്ത്രിയായിരിക്കെയാണ് എലപ്പുള്ളില്‍ കൂടിവെള്ളമൂറ്റുന്ന മറ്റൊരു മദ്യക്കമ്പനിക്ക് അനുമതി നല്‍കുന്നത്. പക്ഷേ, ഇവിടെയും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഓര്‍ക്കണമെന്നും മേധാ പട്കര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാനസൗകര്യം ഒരുക്കിനല്‍കിയിരുന്നെങ്കില്‍ മദ്യക്കമ്പനിക്ക് പാലക്കാട്ടേക്ക് വരേണ്ടിവരില്ലായിരുന്നു. മദ്യവും ലഹരിയും പഞ്ചാബിനെ വേട്ടയാടിയപ്പോള്‍ അതിനെതിരേ സമരം ചെയ്തവരില്‍ ഇവിടത്തെ ഭരണകക്ഷിയില്‍പ്പെട്ട കര്‍ഷകസംഘടനകളുണ്ട്. അതേ മദ്യക്കമ്പനി കേരളത്തിലെത്തിയപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. അവിടെ വേണ്ട, ഇവിടെ ആയിക്കോട്ടെ എന്ന ഇരട്ടത്താപ്പാണ് ചില സംഘടനകള്‍ പ്രകടിപ്പിക്കുന്നതെന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു. മദ്യം കാരണം കുട്ടികളുടെ ഭാവിയും സ്ത്രീകളുടെ ജീവിതവും ദുരിതമായിക്കൊണ്ടിരിക്കുകയാണ്. എലപ്പുള്ളിയിലുള്ളവര്‍ക്ക് ആ ദുരന്തം വരാതിരിക്കിട്ടെയെന്നും ലഹരിമുക്തഭാരതമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

മണ്ണുക്കാട് ബ്രൂവറി വിരുദ്ധ സമരസമിതി രക്ഷാധികാരി പുതുശ്ശേരി ശ്രീനിവാസന്‍ അധ്യക്ഷനായി. സാമൂഹികപ്രവര്‍ത്തകരായ സി.ആര്‍. നീലകണ്ഠന്‍, പി.എ. പൗരന്‍, വിളയോടി വേണുഗോപാല്‍, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, പഞ്ചായത്തംഗം പുണ്യകുമാരി, സമരസമിതി ചെയര്‍മാന്‍ വി. ശിവന്‍, ജനറല്‍ കണ്‍വീനര്‍ കെ. സുഭാഷ്, ശാസ്ത്രവേദി ജില്ലാപ്രസിഡന്റ് ലക്ഷ്മി ആര്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Environmental activist Medha Patkar opposes a new brewery in Elappully Palakkad