ഛത്തീസ്ഗഢില്‍ സസ്‌പെന്‍സ് ഇന്ന് തീരും: മധ്യപ്രദേശിലും രാജസ്ഥാനിലും അനിശ്ചിതത്വം തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ | Photo: മാതൃഭൂമി ആർക്കൈവ്സ്
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ | Photo: മാതൃഭൂമി ആർക്കൈവ്സ്

ന്യൂഡൽഹി: ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ മാരത്തൺ ചർച്ചകൾക്ക് പിന്നാലെ ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ആര് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കാൻ വേണ്ടി കേന്ദ്ര നേതൃത്വം ഛത്തീസ്ഗഢിൽ നിയോഗിച്ച നിരീക്ഷകർ അവസാനഘട്ടത്തിൽ എത്തിയതായാണ് റിപ്പോര്‍ട്ട്‌.

നിരീക്ഷകരായ ദുഷ്യന്ത് ​ഗൗതം, സർബനന്ദ സൊനോവാൾ, അരുൺ മുണ്ട എന്നിവർ റായ്പുരിൽവെച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്.
ഇന്ന് തന്നെ ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

ഛത്തീസ്ഗഢില്‍ ഇന്ന് തീരുമാനമുണ്ടായാലും മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ കണ്ടെത്തുന്നതിലുള്ള അനിശ്ചിതത്വം തുടരുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ആഴ്ച പിന്നിടുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിയോഗിക്കുന്നതിൽ ബിജെപി കേന്ദ്ര നേതൃത്വം പ്രതിസന്ധി നേരിടുന്നുണ്ട്.

മധ്യപ്രദേശിൽ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. വസുന്ധര രാജെ മുഖ്യമന്ത്രി പദത്തിനായി സമ്മർദം തുടരുന്നസാഹചര്യത്തിൽ രാജസ്ഥാനിലെ യോഗം സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌ എന്നീ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താൻ പാർട്ടി കേന്ദ്രനിരീക്ഷകരെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിമാരെ ആർ.എസ്.എസുമായി ചർച്ചചെയ്ത് ബി.ജെ.പി. കേന്ദ്രനേതൃത്വം തീരുമാനിക്കുകയും നിയമസഭാകക്ഷി യോഗങ്ങളിൽ പേരുകൾ പ്രഖ്യാപിക്കലുമാണ് പതിവുരീതി. എന്നാൽ, ഇക്കുറി രാജസ്ഥാനിൽ വസുന്ധരയുടെ നിലപാട് കേന്ദ്രനേതൃത്വത്തിന് കീറാമുട്ടിയാണ്. അതിനാൽ രാജസ്ഥാനിലെ തീരുമാനം അനുസരിച്ചായിരിക്കും മറ്റുരണ്ടു സ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ കഴിഞ്ഞ ദിവസം എംഎല്‍എമാരുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പായി എംഎല്‍എമാര്‍ക്കിടയില്‍ ഐക്യംരൂപപ്പെടുത്തുക എന്നതായിരുന്നു ബിജെപി ഇതിലൂടെ ലക്ഷ്യമിട്ടത്.

മൂന്നിലൊരിടത്ത് വനിതാ മുഖ്യമന്ത്രിയായിരിക്കും. രാജസ്ഥാനിൽ വസുന്ധര മുഖ്യമന്ത്രിയായില്ലെങ്കിൽ ഇത്തവണ ഛത്തീസ്ഗഢിൽ വനിതാ മുഖ്യമന്ത്രി സത്യപ്രതിജ്ഞചെയ്യും. കേന്ദ്രമന്ത്രി രേണുകാ സിങ്, മുൻ സംസ്ഥാനമന്ത്രി ലതാ ഉസേൻഡി, ഗോമതി സായി തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. വനിതാ മുഖ്യമന്ത്രിയല്ലെങ്കിൽ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഒ.പി. ചൗധരി, ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ അരുൺ സാഹു എന്നിവരുടെ പേരുകളാണ് ചർച്ചയിൽ സജീവം.

മധ്യപ്രദേശിൽ ഒ.ബി.സി. വിഭാഗത്തിൽനിന്നാണ് മുഖ്യമന്ത്രിയെ നിയോഗിച്ചിരിക്കുന്നത്. ലോധി വിഭാഗം നേതാവായ പ്രഹ്‌ളാദ് പട്ടേലാണ് മുൻനിരയിൽ. ലോധികൾ ഒ.ബി.സിയിലെ പ്രബലസമുദായമാണ്. എന്നാൽ, കഴിഞ്ഞദിവസം കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്ര സിങ് തോമർ, ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി വിജയ് വാർഗിയ തുടങ്ങിയവരും രംഗത്തുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതോടെ പട്ടേലിന് അനുകൂലമായി അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്.

Content Highlights: End Of Suspense Over Chief Minister BJP Observers Reach Chhattisgarh