ആളും അർഥവുമില്ല, അണികൾ കീഴടങ്ങി, നേതാക്കളെ കൊന്നൊടുക്കി; മാവോവാദം ഇല്ലാതാകുമ്പോൾ

ന്യൂഡൽഹി: ഇന്ത്യയിലെ നക്‌സൽ-മാവോയിസ്റ്റ് ഭീകരത പൂർണ്ണമായും തുടച്ചുനീക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച സമയപരിധി 2026 മാർച്ച് 31-ന് അവസാനിക്കാനിരിക്കുകയാണ്. മാർച്ച് 31 എന്ന സമയപരിധിക്കുള്ളിൽ പൂർണ്ണമായും നക്‌സലിസം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യയിലെ ദീർഘകാലമായുള്ള ഈ ആഭ്യന്തര കലാപം അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഉറപ്പിച്ചു പറയാം. കാരണം ഇന്ത്യയിലെ മാവോവാദി നേതൃത്വം തന്നെ കീഴടങ്ങുന്ന നിലയിലെത്തിയത് സർക്കാരിന്റെ നീക്കങ്ങൾ ലക്ഷ്യം കാണുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
2010-ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന്, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നക്‌സലിസത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണി എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ 16 വർഷങ്ങൾക്ക് ശേഷം ആ ഭീഷണിയെ രാജ്യം കൈകാര്യം ചെയ്ത രീതി ഒരു പാഠമാണ്. മുമ്പ് മാവോവാദികളെ നേരിടുന്നതിന് തുടർച്ചയായ നടപടികളുണ്ടായിരുന്നില്ല. കുറെ ഏറ്റുമുട്ടലുകളും തിരിച്ചടികളുമൊക്കെയായി അത് വാർത്തകളിൽ നിറഞ്ഞുനിന്നു.
എന്നാൽ 2023ന് ശേഷം കാര്യങ്ങളുടെ സ്വഭാവം മാറി. 2026 മാർച്ച് 31 എന്ന സമയപരിധി പ്രഖ്യാപിച്ച് അമിത് ഷാ മാവോവാദ ഭീഷണിക്കെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചു. കീഴടങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നതല്ലാതെ മറ്റൊരു വഴിയും സർക്കാർ മുന്നോട്ടുവെച്ചില്ല. അമിത് ഷായുടെ പ്രഖ്യാപനത്തിന് ശേഷം മാവോവാദി നേതൃത്വത്തിന് വലിയ തിരിച്ചടികളാണ് നേരിട്ടത്. 2025 മെയ് മാസത്തിൽ ജനറൽ സെക്രട്ടറി ബസവരാജുവും, നവംബറിൽ ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരൻ മാഡ്വി ഹിഡ്മയും വധിക്കപ്പെട്ടു. കൂടാതെ, പൊളിറ്റ് ബ്യൂറോ അംഗം സോനു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കീഴടങ്ങുകയും ചെയ്തു.
കീഴടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗം മല്ലോജുല വേണുഗോപാൽ റാവു (സോനു) പ്രസ്താവിച്ചത്, 'സാഹചര്യങ്ങൾ മാറി, സായുധ പോരാട്ടം ഇന്നത്തെ കാലത്ത് തുടരാനാവില്ല, താൽക്കാലികമായി ആയുധം വെച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം' എന്നാണ്. കൊല്ലപ്പെട്ട ജനറൽ സെക്രട്ടറി ബസവരാജു പോലും സായുധ പോരാട്ടം അവസാനിപ്പിക്കാനും സർക്കാരുമായി സമാധാന ചർച്ചകൾ നടത്താനും ആഗ്രഹിച്ചിരുന്നതായി കീഴടങ്ങിയ മറ്റ് നേതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയെയും പ്രവർത്തകരെയും രക്ഷിക്കാൻ സായുധ സമരമുറയ്ക്ക് ഇത് അനുയോജ്യമായ സമയമല്ലെന്ന് അവർ വിശ്വസിച്ചു. ഇതോടെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ സായുധ പോരാട്ടം തുടരുന്നത് അസാധ്യമാണെന്ന് മുതിർന്ന നേതാക്കൾ തിരിച്ചറിഞ്ഞു.
2025-ൽ മാത്രം 317 നക്‌സലുകൾ കൊല്ലപ്പെടുകയും, 800-ലധികം പേർ അറസ്റ്റിലാവുകയും, ഏകദേശം 2,000 പേർ കീഴടങ്ങുകയും ചെയ്തു. 2023-നും 2025-നും ഇടയിൽ ആകെ 3,594 നക്‌സലൈറ്റുകളാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഒരുകാലത്ത് 180 ജില്ലകളിൽ വ്യാപിച്ചു കിടന്നിരുന്ന നക്‌സൽ സ്വാധീനം (റെഡ് കോറിഡോർ), 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് വെറും 7 ജില്ലകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ നക്‌സൽ സാന്നിധ്യമുള്ളത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർക്കാർ നടപ്പിലാക്കിയ ശക്തമായ സൈനിക നടപടികളും, ആ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ നിക്ഷേപങ്ങളും നക്‌സൽ സ്വാധീനം കുറയ്ക്കാൻ സഹായിച്ചു.
2024-ൽ രണ്ടായിരത്തിലധികം സായുധ കേഡർമാർ ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം രാജ്യത്താകെ വെറും 220 സായുധ മാവോവാദികൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇവർ കീഴടങ്ങുകയോ അല്ലെങ്കിൽ സുരക്ഷാ സേനയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരികയോ വേണ്ടിവരും. പുതിയ ആളുകളെ എത്തിക്കുന്നതിലും നിലവിൽ നക്‌സൽ പ്രസ്ഥാനങ്ങൾ പരാജയപ്പെടുന്നുണ്ട്. ഇത് സർക്കാരിനും നേട്ടമാണ്.
മാവോവാദികൾ ഇല്ലാതാകുന്നത് ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി- ഗോത്ര വിഭാഗങ്ങളെ ബാധിച്ചേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. നക്‌സൽ പ്രസ്ഥാനങ്ങളുടെ ആൾബലം കൂടുതലും ആദിവാസി വിഭാഗങ്ങളിൽ നിന്നാണ്. മാവോവാദികൾ കാടിറങ്ങുമ്പോൾ അവിടേക്ക് ലാഭകണ്ണുകളുമായി ഖനന മാഫിയകൾ കടന്നുകയറുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാൽ വികസനവും കൂടുതൽ അവസരങ്ങളും ലഭ്യമാകുമ്പോൾ ആളുകൾ സ്വാഭാവികമായും മാവോവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുന്നത്. എന്നിരുന്നാലും ഒരിക്കൽ രാജ്യം നേരിട്ടിരുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയാണ് നിലവിൽ ഇല്ലാതാകുന്നത് എന്നത് കേന്ദ്രസർക്കാരിന് നേട്ടമാണ്.
Content Highlights: Naxal-Maoist insurgency is entering its final phase in India., Central government set a March 31, 2026, deadline for complete elimination., Maoist influence reduced from 180 districts to just 7., Significant decline in armed cadres from 2,000 to approximately 220., Mass surrenders and strategic military operations are weakening the movement.