കുഞ്ഞനാന ചെരിഞ്ഞിട്ടും ഉൾക്കൊള്ളാനാകാതെ തള്ളയാന, ജഡം കൂടെകൂട്ടി യാത്ര| Video

ചത്ത കുഞ്ഞുമായി അമ്മയാന|x.com/ParveenKaswan
ചത്ത കുഞ്ഞുമായി അമ്മയാന|x.com/ParveenKaswan

ചേതനയറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ തട്ടിയുണര്‍ത്താന്‍ ശ്രമിയ്ക്കുന്ന ആനയുടെ വീഡിയോ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന വ്യക്തമാക്കുന്ന ഈ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ്‌ ഓഫീസര്‍ പര്‍വ്വീണ്‍ കസ്വാനാണ് എക്‌സിലൂടെ പങ്കുവെച്ചത്. 

എ.ഡി.എഫ്.ഒ ആയ ജയന്ത മൊണ്ടാലാണ് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്.  ആനക്കുട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമ്മയാനയെ വീഡിയോയില്‍ കാണാം. ചത്ത ആനക്കുട്ടിയുടെ ജഡം തിരിച്ചും മറിച്ചുമിടുന്നതും വീഡിയോയില്‍ കാണാം. 

ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച് ചത്ത ആനക്കുട്ടിയെ ഉപേക്ഷിക്കാന്‍ മടിച്ച് ദിവസങ്ങളോളം അമ്മയാന ജഡത്തിന് അരികെ കിടന്നതായും പറയുന്നു.  

"അമ്മയാനയ്ക്ക് കുഞ്ഞിന്റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. അവര്‍ നമ്മളെപ്പോലെയാണ്, മനുഷത്വമുള്ളവരാണ്" എന്നിങ്ങനെയുള്ള കുറിപ്പും അദ്ദേഹം എക്‌സില്‍ പങ്കുവെയ്ക്കുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി ഇതിനുമുന്‍പും സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


 

Content Highlights: Elephant Grieves for Dead Calf: Heartbreaking Video