കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തുകൾക്കും വിവാദങ്ങൾക്കും കാരണമായ ഇസിഐ വർക്ക് ഓർഡർ: രേഖകൾ പുറത്ത്

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷനുള്ളിലെ തർക്കങ്ങൾക്കിടയിൽ, ജൂലൈ 28-ന് പുറപ്പെടുവിച്ച ജോലി വിഭജന ഉത്തരവിന്റെ (Work Allocation Order) എക്‌സ്‌ക്ലൂസീവ് പകർപ്പ് പുറത്തുവിട്ട് ദേശീയമാധ്യമങ്ങൾ. മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ അഡ്മിനിസ്‌ട്രേറ്റീവ്, ഐടി, പരാതി പരിഹാര ചുമതലകൾ വിഭജിച്ചു നൽകിയതുമായി ബന്ധപ്പെട്ട് ഈ ഉത്തരവ് വലിയ തർക്കവിഷയമായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ഇലക്ഷൻ കമ്മീഷണർമാർ എതിർപ്പുയർത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ജൂലൈ 28-ലെ വർക്ക് ഓർഡറിലൂടെ വരുത്തിയ മാറ്റങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരാണ് എതിർപ്പുയർത്തിയത്. ഇതിനെത്തുടർന്നാണ് കമ്മീഷനുള്ളിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടത്.
ജൂലൈ 29-ന് ഈ രണ്ട് ഇലക്ഷൻ കമ്മീഷണർമാരും കാബിനറ്റ് സെക്രട്ടറിക്ക് അയച്ച പ്രത്യേക കത്തുകളിൽ ഈ വിഷയം ചൂണ്ടിക്കാണിച്ചിരുന്നതായും വൃത്തങ്ങൾ വ്യക്തമാക്കുന്നു. കമ്മീഷന്റെ അറിവില്ലാതെയുള്ള ജോലി വിഭജനം, വർക്ക് റോസ്റ്റർ, മറ്റ് ഔദ്യോഗിക വിഷയങ്ങൾ എന്നിവയാണ് ഈ കത്തുകളിൽ ഉന്നയിക്കപ്പെട്ടത്. എന്നാൽ ഈ കത്തുകളുടെ കൃത്യമായ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ല.
അന്നത്തെ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറും അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായ മനീഷ് ഗാർഗ് ആണ് ജൂലൈ 28-ന് ഈ വർക്ക് ഓർഡർ പുറപ്പെടുവിച്ചത്. ഇലക്ഷൻ കമ്മീഷനിലെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകൾ ഡിഇസി (DEC) ഭാനു പ്രതാപ് യെതുരുവിനാണ് നൽകിയിട്ടുള്ളത്. യെതുരു ആ സമയത്ത് അവധിയിലായിരുന്നതിനെ തുടർന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഗാർഗ് ഈ ഉത്തരവിറക്കിയത്.
ഐടി ചുമതലകളിൽ മാറ്റം വരുത്തിയ ജൂലൈ 28-ലെ ഉത്തരവ്
കമ്മീഷനിലെ ഐടി സംബന്ധമായ ചുമതലകളുടെ വിഭജനത്തിൽ വലിയ മാറ്റമാണ് ഈ വർക്ക് ഓർഡർ വരുത്തിയത്. പുറത്തുവന്ന രേഖകളിലെ വിവരങ്ങളനുസരിച്ച്, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാറിൽ നിന്ന് ഐടി, പരാതി പരിഹാരം (Grievances/ PGRS) എന്നിവയുടെ ചുമതലകൾ ഒഴിവാക്കുകയും ഡയറക്ടർ ജനറൽ (ഐടി) സീമ ഖന്നയ്ക്ക് നേരിട്ട് നൽകുകയും ചെയ്തു.
പുതുക്കിയ ക്രമീകരണമനുസരിച്ച്, ഈ വിഷയങ്ങളുടെ റിപ്പോർട്ടിങ് ഘടനയിൽ കമ്മിഷനും ഡിജി (ഐടി)ക്കും ഇടയിൽ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഉണ്ടായിരുന്നില്ല. കൂടാതെ, സഞ്ജയ് കുമാറിന് വോട്ടർ പട്ടിക സംബന്ധമായ ചുമതല മാത്രമാണ് ജൂലൈ 28-ലെ ഉത്തരവിലൂടെ ശേഷിച്ചത്.
ഏകദേശം ഒരു മാസത്തിന് ശേഷം, ഡിഒപിടി (DoPT) ഉത്തരവ് പ്രകാരം വ്യക്തിപരമായ കാരണങ്ങളാൽ ഡിഇസി സഞ്ജയ് കുമാറിനെ കമ്മിഷനിൽ നിന്ന് അദ്ദേഹത്തിന്റെ മാതൃ കേഡറിലേക്ക് കാലാവധി തികയുന്നതിന് മുൻപ് തിരിച്ചയച്ചു എന്നതും ശ്രദ്ധേയമാണ്.
മുൻപത്തെ വർക്ക് ഓർഡറിലെ വിവരങ്ങൾ
2025 സെപ്റ്റംബർ 23-ന് പുറപ്പെടുവിച്ച മുൻപത്തെ വർക്ക് അലോക്കേഷൻ ഓർഡറും പുറത്തുവന്നിട്ടുണ്ട്. ആ ഉത്തരവിന്റെ ഏഴാമത്തെ കോളത്തിൽ സഞ്ജയ് കുമാറിനായിരുന്നു വോട്ടർ പട്ടിക, ഐടി, പരാതി പരിഹാരം എന്നിവയുടെ ചുമതല എന്ന് വ്യക്തമാക്കുന്നു.
മുൻപത്തെ ക്രമീകരണമനുസരിച്ച് ഐടി സംബന്ധമായ വിഷയങ്ങളിൽ ഡിജി (ഐടി) സീമ ഖന്ന ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാറിനാണ് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. അതിനുശേഷമാണ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ വഴി റിപ്പോർട്ടിങ് ഇലക്ഷൻ കമ്മിഷനിലേക്ക് എത്തിയിരുന്നത്.
ദൈനംദിന ഐടി ജോലികളുടെ ഭൂരിഭാഗവും സീമ ഖന്നയാണ് കൈകാര്യം ചെയ്തിരുന്നതെങ്കിലും, ഔദ്യോഗിക റിപ്പോർട്ടിങ് ഘടന ഡിഇസി സഞ്ജയ് കുമാർ വഴിയായിരുന്നുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ഈ വർക്ക് ഓർഡർ നിർണായകമാകുന്നത് എങ്ങനെ?
തർക്കം അഡ്മിനിസ്‌ട്രേറ്റീവ് ജോലി വിഭജനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നാണ് വിഷയത്തെക്കുറിച്ച് അടുത്തറിയുന്ന വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിവിധ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാർ തമ്മിലുള്ള ഉത്തരവാദിത്വ വിഭജനവും ഈ വർക്ക് ഓർഡർ നിർണയിച്ചാണ് ഉള്ളത്.
പരമ്പരാഗതമായി, ഇലക്ഷൻ കമ്മിഷനിലെ ജോലി വിഭജന ഉത്തരവുകൾ കമ്മീഷന് മുന്നിൽ സമർപ്പിക്കുകയും കമ്മീഷൻ തലത്തിൽ അന്തിമ അനുമതി വാങ്ങുകയുമാണ് പതിവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
അതുകൊണ്ടാണ്, ഉത്തരവാദിത്വങ്ങൾ പുതുക്കി നിശ്ചയിച്ച രീതിയെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും ജൂലൈ 28-ലെ ഉത്തരവ് ചോദ്യങ്ങൾ ഉയർത്തുന്നതിന് കാരണമായത്.
മുൻപത്തെ ക്രമീകരണം വാക്കാൽ പുനഃസ്ഥാപിച്ചതായി റിപ്പോർട്ട്
എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് മുൻപത്തെ ജോലി വിഭജന ക്രമീകരണം പുതിയ ഉത്തരവിറക്കാതെ, വാക്കാൽ പുനഃസ്ഥാപിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, മുൻ ക്രമീകരണം പുനഃസ്ഥാപിച്ചുകൊണ്ട് രേഖാമൂലം പ്രത്യേക ഉത്തരവുകളൊന്നും ഇതുവരെ ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല.
ഇത് ഐടി, പരാതി പരിഹാര വിഷയങ്ങളിലെ ഔദ്യോഗിക റിപ്പോർട്ടിങ് ഘടനയേയും ജോലി വിഭജനത്തിന്റെ നിയമപരമായ നിലനിൽപ്പിനെയും കുറിച്ച് സംശയങ്ങൾക്കിടയാക്കി.
ഇതിന്റെ ഫലമായി, അന്നത്തെ ഡിഇസി സഞ്ജയ് കുമാർ ഇലക്ഷൻ കമ്മിഷനിൽ നിന്ന് മാറുകയും, ഡിജി(ഐടി)ക്കും കമ്മീഷനും ഇടയിൽ ഡിഇസി തലത്തിലുള്ള ഉദ്യോഗസ്ഥരില്ലാതാവുകയും ചെയ്തു. ഇതോടെയാണ് ജൂലൈ 28-ലെ ഔദ്യോഗിക ഉത്തരവ് പ്രാബല്യത്തിൽ വന്നത്.
മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള ചുമതല വിഭജനം മാത്രമല്ല, വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതും കമ്മീഷന് മുന്നിൽ വിഷയങ്ങൾ സമർപ്പിക്കുന്നതുമായ റിപ്പോർട്ടിങ് രീതികളെയും ഇത്തരം ഉത്തരവുകൾ നിർണയിക്കുന്നു എന്നതിനാലാണ് ഈ വിഷയം വളരെ പ്രാധാന്യമർഹിക്കുന്നത്.
Content Highlights: The July 28 Work Allocation Order within the Election Commission of India (ECI) sparked significant controversy by redistributing administrative, IT, and grievance responsibilities among senior officials, leading to objections from Election Commissioners S.S. Sandhu and Vivek Joshi. The order notably altered IT responsibilities, removing them from Deputy Election Commissioner Sanjay Kumar and assigning them directly to Director General (IT) Seema Khanna, which disrupted the traditional reporting structure.