എസ്.ഐ.ആർ: തെറ്റുകൾ അംഗീകരിച്ചു; സംശയങ്ങൾക്ക് ഉത്തരമില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക (എസ്.ഐ.ആർ.) വിവാദത്തിൽ, കമ്മിഷണർമാരായ ഡോ. സുഖ്‌ബീർസിങ് സന്ധുവും ഡോ. വിവേക് ജോഷിയും ഉയർത്തിയ ആശങ്കകൾ ശരിവെച്ചുള്ള തെറ്റുതിരുത്തലിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായെങ്കിലും ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ ബാക്കി. പുതുതായി വോട്ടുചേർക്കാനുള്ള ഫോം ആറിന്റെ കാര്യത്തിൽ ഇപ്പോഴും വൈരുധ്യവും ആശയക്കുഴപ്പവുമുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.
ഫോംആറിലെ വ്യവസ്ഥ നീക്കിയോ?
ഫോം ആറിന്റെ ഓൺലൈൻ പതിപ്പിൽ മുൻ എസ്.ഐ.ആർ. വിവരങ്ങളടങ്ങിയ സത്യവാങ്‌മൂലത്തിനാണ് പുതിയ വ്യവസ്ഥ ചേർത്തത്. 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരമുള്ള ഫോം ആറിൽ മാറ്റംവരുത്തണമെങ്കിൽ നിയമ മന്ത്രാലയംവഴി ഭേദഗതി കൊണ്ടുവന്ന് പാർലമെന്റ് അംഗീകരിക്കണം. രണ്ടുമില്ലാതെ കമ്മിഷന്റെ ഉത്തരവിലൂടെ സത്യവാങ്‌മൂല വ്യവസ്ഥ എങ്ങനെ ചേർത്തെന്നു ചൂണ്ടിക്കാട്ടിയാണ്, ഈ വ്യവസ്ഥ നീക്കണമെന്ന് മേയ് 16-ന് കമ്മിഷണർ ജോഷി ആവശ്യപ്പെട്ടത്. ഇത് ഓഗസ്റ്റ് 13-ന് കമ്മിഷണർ സന്ധുവും ശരിെവച്ചു. എന്നാൽ, ഓൺലൈൻഫോമിലെ ഈ വ്യവസ്ഥ നീക്കിയോയെന്ന് കമ്മിഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയില്ല.
എസ്.ഐ.ആർ. വഴി വോട്ടവകാശം നഷ്ടമായത് ശരിെവച്ചോ?
എസ്.ഐ.ആർ. നടക്കാത്തയിടങ്ങളിലെ പേരുചേർക്കലിന് പഴയ ഫോം മതിയാകുമെന്ന് കമ്മിഷൻ പ്രഖ്യാപിച്ചു. കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇനിയങ്ങോട്ട് വോട്ടറാകാനാഗ്രഹിക്കുന്നവർക്ക് ഇത് ആശ്വാസമാണെങ്കിലും ഈ വ്യവസ്ഥകാരണം വോട്ടവകാശം എത്രപേർക്ക് നിഷേധിക്കപ്പെട്ടുവെന്ന ചോദ്യം ബാക്കി. എസ്.ഐ.ആർ. വഴി തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ അർഹരായവരുടെ വോട്ടവകാശം തടഞ്ഞത് ശരിവെച്ചോയെന്നും പറഞ്ഞില്ല. ശരിവെച്ചെങ്കിൽ ഗ്യാനേഷ് കുമാറിനൊപ്പം മറ്റു രണ്ടുപേരും പ്രതിക്കൂട്ടിലാകും. ഓൺലൈൻ ഫോമിൽനിന്ന് ഈ വ്യവസ്ഥ നീക്കിയോയെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻവഴി അപേക്ഷിക്കുന്നവർ നേരിടാനിടയുള്ള തടസ്സം എങ്ങനെ മാറ്റുമെന്നതിനും ഉത്തരം കിട്ടണം. സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ഓൺലൈൻ ഫോമിനെ കമ്മിഷൻ ന്യായീകരിച്ചത്. എന്നാൽ ബിഹാർ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മേയ് 27-ലെ ഉത്തരവിൽ എസ്.ഐ.ആർ. നടപ്പാക്കാനുള്ള കമ്മിഷന്റെ അധികാരം മാത്രമേ കോടതി ശരിെവച്ചിട്ടുള്ളൂ. ഫോം ആറിന്റെ നിയമപരപ്രശ്നങ്ങളിലേക്ക് കടന്നില്ല.
െഎ.ടി. സെൽ ഡി.ജി: നിലപാടെന്ത്?
പശ്ചിമബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാർ വോട്ടർപട്ടികയിലുൾപ്പെടുത്താൻ നിർദേശിച്ചവരെ ഉൾപ്പെടുത്താതെ, അതിനെതിരേ അപ്പീൽ നൽകിയതാര്, അതിന് ആര് അധികാരംനൽകി എന്നീ ചോദ്യങ്ങളും കമ്മിഷണർമാർ ഉയർത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ കമ്മിഷൻ ’ഏകകണ്‌ഠ’മായെടുത്ത തീരുമാനങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി ഇതേക്കുറിച്ച് മൗനംപാലിക്കുന്നു. ഇ.സി.ഐ. നെറ്റ് ആപ്പ് നിയമപരമായാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ തീരുമാനിച്ച കമ്മിഷൻ, അങ്ങനെയല്ലാതെ പ്രവർത്തിച്ചപ്പോൾ വോട്ടവകാശം നഷ്ടപ്പെട്ടവരോട് എന്തുപറയുമെന്ന ചോദ്യം ബാക്കിയാണ്. ഐ.ടി. സെൽ ഡി.ജി. സീമ ഖന്നയുടെ ഇടപെടലുകളിൽ കമ്മിഷന്റെ നിലപാടും വ്യക്തമല്ല.
-തുല്യനീതി ഉറപ്പാക്കുന്നതെങ്ങനെ?-ബ്രിട്ടാസ്
ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കുന്നവർക്ക് ഇനിയങ്ങോട്ടും രണ്ടു നീതിയാകുമോയെന്ന ചോദ്യത്തിന് കമ്മിഷൻ ഇനിയും ഉത്തരം നൽകിയിട്ടില്ലെന്നും ഫോം ആറിലെ സത്യവാങ്‌മൂല വ്യവസ്ഥയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നും സി.പി.എം. രാജ്യസഭാകക്ഷിനേതാവ് ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. കമ്മിഷന്റെ പത്രക്കുറിപ്പ് ഉത്തരങ്ങളെക്കാൾ പുതിയ ചോദ്യങ്ങളുയർത്തുന്നതാണെന്നും പുതിയ വോട്ടറാകാനാഗ്രഹിക്കുന്നവരുടെ ആശങ്കയ്ക്ക് പരിഹാരമായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനയച്ച കത്തിൽ ബ്രിട്ടാസ് പറഞ്ഞു.
Content Highlights: Election commission responds to concerns raised by commissioners Sandhu and Joshi about the SIR voter list, leaving unanswered questions about voter rights.