എസ്.ഐ.ആർ. നിയന്ത്രണം ഐ.ടി.സെല്ലിന്, തിരഞ്ഞെടുപ്പുദ്യോഗസ്ഥർ നോക്കുകുത്തികൾ

ന്യൂഡൽഹി: പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലി (എസ്.ഐ.ആർ.) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ രൂപപ്പെട്ട ആഭ്യന്തരകലഹത്തിന്റെ മൂലകാരണം കമ്മിഷൻ ആസ്ഥാനത്തെ ഐ.ടി.സെല്ലിന്റെ അമിതാധികാരപ്രയോഗങ്ങൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളോട് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനം രേഖപ്പെടുത്തിയതിൽ പ്രധാനകാരണം ഐ.ടി. വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്നയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതാണ്.
കമ്മിഷണർമാരുടെ വിയോജനക്കുറിപ്പുകളിലൊന്നിൽ ഗോവയിലെ 97 പേർ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ട ഉദാഹരണം പറയുന്നുണ്ട്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ.) അർഹരെന്നു കണ്ടെത്തിയ 97 പേരെ പട്ടികയിലുൾപ്പെടുത്തണമെന്ന നിർദേശം ഫെബ്രുവരി 17-ന് ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മിഷന് കൈമാറി. കമ്മിഷൻ ആസ്ഥാനത്തെ ഗോവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഇലക്‌ഷൻ കമ്മിഷണർക്ക് എട്ടുതവണ ഇ-മെയിലും അയച്ചു. 97 പേരെയും കമ്മിഷന്റെ പുതിയ ആപ്ലിക്കേഷൻ സോഫ്റ്റ്‌വേറായ ഇ.സി.ഐ.നെറ്റ് വഴി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
ഐ.ടി. സംവിധാനത്തിന് വോട്ടർമാരെ തടസ്സപ്പെടുത്താനധികാരമില്ലെന്നും അനുകൂലതീരുമാനം വേണമെന്നും കാണിച്ച് ഐ.ടി. സെൽ ഡയറക്ടർ ജനറൽ സീമ ഖന്നയ്ക്ക് ഡെപ്യൂട്ടി ഇലക്‌ഷൻ കമ്മിഷണർ കത്തു നൽകി. എന്നാൽ, ഫെബ്രുവരി 21-ന് അന്തിമപട്ടിക വന്നപ്പോൾ 97 പേരും ഇല്ലായിരുന്നു. കമ്മിഷനിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന പത്രറിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
‘ലോജിക്കൽ ഡിസ്‌ക്രിപൻസി’ക്ക് പിന്നിലും ഇതേ സ്വാധീനം
ഇലക്ടറൽ റോൾ ഓഫീസേഴ്സ് നെറ്റ്‌വർക്ക് (ഇറോനെറ്റ്) ആപ്ലിക്കേഷനുൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിഷന്റെ നാല്പതോളം ആപ്പുകൾ ഒരുമിച്ചാക്കിയാണ് ഈ വർഷം ജനുവരിയിൽ ഇ.സി.ഐ. നെറ്റ് എന്ന കേന്ദ്രീകൃത ആപ്ലിക്കേഷൻ സോഫ്റ്റ്‌വേർ കമ്മിഷൻ പുറത്തിറക്കിയത്. കമ്മിഷന്റെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പിലെന്നതായിരുന്നു ആകർഷണം.എന്യൂമറേഷൻ ഫോം വിലയിരുത്തി നിലവിലെ വോട്ടറുടെ പേരും മുൻപ് എസ്.ഐ.ആർ. നടന്ന വർഷത്തെ വോട്ടർപട്ടികയിലെ പേരും ഒത്തുനോക്കുന്നത് ഇറോനെറ്റ് ആപ്പ് ആണ്.
2002-ൽ എസ്.ഐ.ആർ. നടന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അതത് പ്രാദേശികഭാഷകളിലായിരുന്നു വോട്ടർപട്ടിക. കേന്ദ്രീകൃത സോഫ്റ്റ്‌വേറിലേക്ക് മാറുമ്പോൾ ഇംഗ്ലീഷായത് പേരിലെ പൊരുത്തക്കേടിലേക്ക് നയിച്ചു. തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിൽമാത്രം 1.76 കോടി പേർക്കാണ് ‘ലോജിക്കൽ ഡിസ്‌ക്രിപൻസി’യുടെ പേരിൽ നോട്ടീസ് ലഭിച്ചത്.
അധികാരം കമ്മിഷനുമാത്രം
വോട്ടർപട്ടികയുടെ നിയമപരമായ ചുമതല ഇ.ആർ.ഒ.യ്ക്കാണ്. അപേക്ഷകൾ പരിശോധിച്ച് തർക്കങ്ങളിൽ നിയമപരമായ തീരുമാനമെടുക്കേണ്ടത് ഇ.ആർ.ഒ.യാണെന്ന് 1960-ലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ചട്ടങ്ങളിലുണ്ട്. കമ്മിഷൻ ഇതിന് മേൽനോട്ടം വഹിക്കണം. ഐ.ടി. സെല്ലിന്റെ ഇടപെടലിൽ ഇതെല്ലാമാണ് അട്ടിമറിക്കപ്പെടുന്നത്.
Content Highlights: Centralization of power within the Election Commission's IT cell has sparked internal dissent among commissioners over controversial voter list revisions and app-related errors.