തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോപണച്ചുഴിയിൽ; കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിരോധത്തിൽ

#പ്രത്യേക ലേഖകൻ
Photo: Mathrubhumi
Photo: Mathrubhumi

ന്യൂഡൽഹി: ചോദ്യച്ചോർച്ചയെത്തുടർന്നുള്ള വിദ്യാർഥി പ്രതിഷേധം, അയോധ്യ സംഭാവനക്കൊള്ള എന്നിവയുടെ ആഘാതത്തിൽനിന്ന് മുക്തമാകുംമുൻപ്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൻ ആരോപണച്ചുഴിയിൽ അകപ്പെട്ടത് ബി.ജെ.പി.യെയും കേന്ദ്രസർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

ഉത്തർപ്രദേശിലുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബി.ജെ.പി.ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് നടത്തിപ്പും എസ്.ഐ.ആറുമായി ബന്ധപ്പെട്ടുയർന്ന പുതിയ ആരോപണങ്ങളും.

ബ്രിക്‌സ് ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പ് ഉയർത്തിക്കാട്ടി ദേശീയരാഷ്ടീയത്തിൽ ചർച്ചകൾ വഴിതിരിച്ചുവിടുന്നതിനുള്ള ശ്രമം പാർട്ടി ഊർജിതമാക്കിയിരിക്കേയാണ് കമ്മിഷനുമായി ബന്ധപ്പെട്ട ഭിന്നതാ വിവരങ്ങൾ പുറത്തുവന്നത്.

മൂന്നംഗ കമ്മിഷനിൽ ഏകാഭിപ്രായം പോയിട്ട് ഭൂരിപക്ഷം പോലുമില്ലാതെയാണ് രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ വലിയതോതിൽ ബാധിക്കുന്ന തീരുമാനങ്ങളെടുത്തിരുന്നത്‌ എന്നത് ചില്ലറ ആരോപണമല്ല.

യുവവോട്ടർമാർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിൽ കമ്മിഷൻതന്നെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു എന്ന ആരോപണത്തിന് മറുപടി പറയാൻ ഭരണകക്ഷി എറെ പ്രയാസപ്പെടും.

ഫോം ആറിൽ വരുത്തിയ മാറ്റം യുവവോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിനു വേണ്ടിയാണ് എന്ന ആരോപണം സി.ജെ.പി. ഉയർത്തിയിട്ടുണ്ട്. ജെൻസീക്ക് ഭരണസംവിധാനത്തോട് അതൃപ്തി നിലനിൽക്കുന്ന കാലഘട്ടത്തിൽ പുതിയ ആരോപണങ്ങൾക്ക് വലിയ മാനങ്ങളുണ്ട്.

ആരോപണവിധേയനായ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും വിയോജിപ്പുയർത്തിയ കമ്മിഷണർമാരായ സുഖ്ബിർ സന്ധുവും വിവേക് ജോഷിയും കേന്ദ്ര ഭരണനേതൃത്വം തങ്ങളുടെ താത്പര്യപ്രകാരം തിരഞ്ഞെടുത്ത് നിയമിച്ചവരാണെന്നത് സർക്കാരിനെ കൂടുതൽ അസ്വസ്ഥമാക്കും.

വിയോജിപ്പും ആരോപണങ്ങളും നിഷേധിക്കാൻ മൂന്നുപേരെയും ഒരുമിച്ചിരുത്തി വാർത്താ സമ്മേളനം നടത്തിക്കാൻ ഉന്നതകേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന അഭ്യൂഹവും ഭരണകേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആരോപണങ്ങൾക്ക് മറുപടി പറയാനും പ്രക്ഷോഭത്തിന്റെ മുനയൊടിക്കാനും കേന്ദ്രസർക്കാരിന് കഴിയുമോ എന്നതാണ് ചോദ്യം. കമ്മിഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എൻ.ഡി.എയ്ക്കുള്ളിൽത്തന്നെ അസ്വസ്ഥത രൂപപ്പെടുന്നു എന്ന സൂചന നൽകുന്നതാണ് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ വാക്കുകൾ. ഭരണനേതൃത്വത്തെ കാത്തിരിക്കുന്നത് രാഷ്ട്രീയ അശാന്തിയുടെ ഒരു ശൈത്യകാലമാണെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു.

Content Highlights: Central Election Commission faces severe allegations regarding poll management and SIR., Lack of consensus among election commissioners has sparked political controversy., Allegations of denying voting rights to young voters through Form 6 changes., Growing unease within the NDA alliance regarding the election commission's internal rift., BJP and the central government face mounting pressure ahead of assembly elections.