എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠം, ഫോം 6 ഭേദഗതി ചെയ്തിട്ടില്ല; സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ

#ന്യൂസ് ഡെസ്ക്
ഗ്യാനേഷ് കുമാർ, സുഖ്ബിന്ദർ സിങ് സന്ധു, വിവേക് ജോഷി | Photo: PTI
ഗ്യാനേഷ് കുമാർ, സുഖ്ബിന്ദർ സിങ് സന്ധു, വിവേക് ജോഷി | Photo: PTI

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നു എന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മറ്റ് കമ്മിഷണർമാരുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് കമ്മിഷൻ ഇക്കാര്യം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.

എസ്ഐആർ. പ്രക്രിയയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും ഒറ്റപ്പെട്ട തീരുമാനങ്ങളല്ലെന്നും, കമ്മിഷൻ പൂർണമായും ചർച്ച ചെയ്ത് ഏകകണ്ഠമായി എടുത്തതാണെന്നും  കമ്മീഷൻ കോടതിയെ അറിയിച്ചു. അംഗങ്ങൾ ആഭ്യന്തര ചർച്ചകളിൽ ഉന്നയിക്കുന്ന നിർദേശങ്ങളും ചോദ്യങ്ങളും ഔദ്യോഗിക തീരുമാനങ്ങളല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ദസറ അവധിക്കാലമായതിനാലാണ് ഹർജികളിൽ പ്രാഥമികവും ചുരുങ്ങിയതുമായ മറുപടി സത്യവാങ്മൂലം സമർപ്പിച്ചതെന്നും, ഹർജികളിലെ ഓരോ ആരോപണത്തിനും വിശദമായ പോയിന്റ് ബൈ പോയിന്റ് മറുപടി നൽകാൻ അനുമതി നൽകണമെന്നും കമ്മിഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഫോം 6-ൽ തന്നെ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതേസമയം എസ്.ഐ.ആർ. പ്രക്രിയയ്ക്ക് ആവശ്യമായ സത്യവാങ്മൂലം ഒരു പ്രത്യേക രേഖയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പദവിയിൽ നിന്ന് നീക്കണമെന്ന ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കമ്മിഷൻ വാദിച്ചു.

ഒരു സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കുന്ന അത്രയും കർശനമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ചീഫ് ഇലക്ഷൻ കമ്മിഷണറെയും സ്ഥാനത്തുനിന്ന് മാറ്റാൻ സാധിക്കുകയുള്ളൂ.

‘ഭരണഘടനയുടെ 324(5) അനുച്ഛേദം അനുസരിച്ച്, സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ രീതിയിലും കാരണങ്ങളിലുമല്ലാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കാൻ കഴിയില്ല. അതിനാൽ CEC-യുടെ പ്രവർത്തനങ്ങളെ തടഞ്ഞുകൊണ്ടുള്ള ഹർജി നിയമപരമായി നിലനിൽക്കില്ല’ സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് എതിരേ വന്നിട്ടുള്ള ആവർത്തിച്ചുള്ള ഹർജികളും വെല്ലുവിളികളും നേരത്തെ തന്നെ സുപ്രീം കോടതി തള്ളിക്കളഞ്ഞിട്ടുള്ള കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്തും സി.ഇ.ഒ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചും സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് കമ്മിഷൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ഭരണഘടനാപരമായ വ്യവസ്ഥകൾക്കനുസൃതമായി കമ്മീഷന്റെ എല്ലാ നടപടികളും നിയമപരമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

Content Highlights: Election Commission clarified that CEC Gyanesh Kumar did not take unilateral decisions., All SIR-related orders were taken with unanimous consensus from the commission., EC stated that the petition seeking to remove the CEC is legally not maintainable., Commission filed a preliminary affidavit in the Supreme Court during the Dussehra holidays.