എസ്‌ഐആർ:കുറ്റസമ്മതം, പിന്നാലെ കമ്മിഷന്റെ പ്രായശ്ചിത്തം; ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി

#സി.പി. ശ്രീഹര്‍ഷന്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരും |ഫോട്ടോ:PTI
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരും |ഫോട്ടോ:PTI

ന്യൂഡൽഹി: വീഴ്ചവരുത്തുക, കുറ്റസമ്മതം നടത്തുക, പ്രായശ്ചിത്തമൊരുക്കുക എന്ന വഴിയാണ് കഴിഞ്ഞ ഒരാഴ്ചയായി തിരഞ്ഞെടുപ്പ് കമ്മിഷന്റേത്. പുറത്താക്കപ്പെട്ടവർക്ക് വോട്ടർപട്ടികയിൽ തിരിച്ചുകയറാൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനത്തിലൂടെ, 13 കോടി പേരുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്.ഐ.ആർ. പ്രക്രിയ അടിമുടി പിഴവായിരുന്നെന്ന് സമ്മതിക്കുകയാണ് കമ്മിഷൻ. സ്‌പെഷ്യൽ ഡ്രൈവും തിരുത്തലും പ്രഖ്യാപിച്ച് തലയൂരാനുള്ള ശ്രമത്തിലാണിപ്പോൾ.

കമ്മിഷന്റെ പേരിൽ പ്രഖ്യാപിച്ച തീരുമാനങ്ങളിൽ കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ വിയോജിപ്പ് അറിയിച്ചെന്ന വെളിപ്പെടുത്തലാണ്, നേരത്തേതന്നെ ആക്ഷേപവിധേയമായ എസ്.ഐ.ആറിനെ കൂടുതൽ വിവാദത്തിലാക്കിയത്. ഫോം ആറിൽ മാറ്റംവരുത്തിയതിലെ നിയമവിരുദ്ധതയും വോട്ടർപട്ടിക പുതുക്കലിന്റെ പൂർണനിയന്ത്രണം ഇ.സി.ഐ.നെറ്റ് ആപ്പിലൂടെ കമ്മിഷനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതും കമ്മിഷണർമാർ ചോദ്യംചെയ്തതോടെ എസ്.ഐ.ആറിന്റെ നിലനിൽപ്പുതന്നെ സംശയത്തിലായി.

പ്രതിപക്ഷത്തിന്റെ സംശയത്തിന് ബലം

നിയമവിരുദ്ധ പ്രക്രിയയിലൂടെ രൂപപ്പെട്ട വോട്ടർപട്ടിക ഉപയോഗിച്ച് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ എങ്ങനെ നിലനിൽക്കുമെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് തിരുത്തൽ ഇടപെടലുകൾ. അതിനുള്ള പ്രതിവിധിയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.

നടന്നുവരുന്ന എസ്.ഐ.ആർ. നിർത്തിവെക്കാൻ കമ്മിഷൻ തയ്യാറായിട്ടില്ല. കരടുപട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട മഹാരാഷ്ട്രയിൽ, വാദം കേൾക്കലിൽ കൂടുതൽ ഉദാരസമീപനം കൈക്കൊള്ളാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നത് ചെറിയൊരു മാറ്റമാണ്. ഇനി എസ്.ഐ.ആർ. നടക്കാനിരിക്കുന്ന രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ പുതിയ സാഹചര്യത്തിൽ അത് നടത്തുമോ ഇല്ലയോ എന്ന് കമ്മിഷൻ പറഞ്ഞിട്ടില്ല.

രണ്ട് കമ്മിഷണർമാരുടെ സമ്മതമില്ലാതെ കൈക്കൊണ്ട തീരുമാനത്തിന്റെ നിയമസാധുത എന്തെന്ന ചോദ്യത്തിനും മറുപടിയില്ല. ബിഹാറിലെ എസ്.ഐ.ആർ. ശരിവെച്ച സുപ്രീംകോടതിയും അതിലെ നിയമവിരുദ്ധവശങ്ങളുടെ പരിശോധനയിലേക്ക് കടന്നിട്ടില്ലെന്നതും ഇവിടെ എടുത്തുപറയണം.

ബിഹാറിൽ 47 ലക്ഷം വോട്ടർമാരാണ് മൊത്തത്തിൽ കുറഞ്ഞത്. ഒമ്പതുസംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേക്കുമായിനടന്ന രണ്ടാം ഘട്ടത്തിൽ 5.18 കോടി വോട്ടർമാർ ഇല്ലാതായി.

ഇപ്പോൾ 17 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് നടന്നുവരുന്ന മൂന്നാം ഘട്ടത്തിൽ ഇതുവരെ 6.1 കോടി വോട്ടർമാർ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

Content Highlights: Election Commission acknowledges flaws in the SIR voter list process affecting millions of voters., Two Election Commissioners expressed dissent 14 times over 10 months regarding illegal changes., Massive voter disenfranchisement reported across multiple states and union territories during SIR phases.