ഏക്‌നാഥ് ഖഡ്‌സേ എന്‍.സി.പി.യില്‍ ചേര്‍ന്നു; മന്ത്രിസ്ഥാനം ലഭിച്ചേക്കും

ഏക്നാഥ് ഖഡ്സേയുടെ എന്‍സിപി പ്രവേശനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പരിപാടിയില്‍ നിന്ന് | Photo: ANI
ഏക്നാഥ് ഖഡ്സേയുടെ എന്‍സിപി പ്രവേശനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പരിപാടിയില്‍ നിന്ന് | Photo: ANI

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സേ എന്‍സിപിയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖട്‌സേ എന്‍സിപിയില്‍ ചേര്‍ന്നത്. 

വടക്കന്‍ മഹാരാഷ്ട്രയില്‍നിന്നുള്ള പ്രമുഖ നേതാവും ലേവപാട്ടീല്‍ സമുദായത്തിന്റെ പിന്തുണയുമുള്ള ഖഡ്സേ ബി.ജെ.പി.യില്‍നിന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. വെള്ളിയാഴ്ച എന്‍സിപിയില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. 

എന്‍സിപിയിലേക്കെത്തുന്ന ഖഡ്‌സേയ്ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കൃഷിമന്ത്രി സ്ഥാനമാണ് ഖഡ്സേയ്ക്ക് എന്‍.സി.പി. വാഗ്ദാനം ചെയ്തിട്ടുള്ളത്. പകരം ഭവനമന്ത്രി ജിതേന്ദ്ര അവാഡ്, തൊഴില്‍മന്ത്രി ദിലീപ് വത്സെപാട്ടീല്‍ എന്നിവരില്‍ ഒരാള്‍ രാജിവെക്കുമെന്നാണ് എന്‍.സി.പി. നേതാക്കള്‍ നല്‍കുന്ന സൂചന. 

ഖഡ്സേ പാര്‍ട്ടിയില്‍ എത്തുന്നതോടെ വടക്കന്‍ മഹാരാഷ്ട്രയില്‍ അടിത്തറ ശക്തമാക്കാമെന്ന് എന്‍.സി.പി. നേതൃത്വം ചിന്തിക്കുന്നു. മറാഠാ സമുദായ പ്രതിച്ഛായയുള്ള പാര്‍ട്ടി പിന്നാക്ക വിഭാഗത്തിന്റെ പിന്തുണയും ഖഡ്സേ വഴി ഉറപ്പാക്കാനുള്ള നീക്കത്തിലാണ് എന്‍.സി.പി. 

Content Highlights: