ഹിന്ദുവോട്ടർമാർ കുറഞ്ഞെന്ന യോഗിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് | ഫോട്ടോ: പി.ടി.ഐ
യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് | ഫോട്ടോ: പി.ടി.ഐ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുവോട്ടർമാർ എസ്.ഐ.ആറിൽ വെട്ടിനീക്കപ്പെട്ടെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം തള്ളി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡേറ്റാബേസിൽ വോട്ടർമാരുടെ മതമോ ജാതിയോ തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും മതത്തെയോ സമുദായത്തെയോ ലക്ഷ്യമിട്ട് ഒരു ഗൂഢാലോചനയുമുണ്ടായിട്ടില്ലെന്ന് റിൻവ പറഞ്ഞു. എസ്.എസ്.ആറിന്റെ ഭാഗമായുള്ള കരടു വോട്ടർപട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് സി.ഇ.ഒ.യുടെ വിശദീകരണം.

വോട്ടർപട്ടികയിൽ വോട്ടറുടെ പേരിനൊപ്പം അവരുടെ ബന്ധുക്കളുടെ പേരുവിവരങ്ങളും പ്രായവും ജനനത്തിയതിയും വീട്ടുനമ്പരും ലിംഗവും മാത്രമേ കാണാനാകൂ. അതിനാൽ വോട്ടർപട്ടികയെ ഉപയോഗിച്ചുകൊണ്ട് അത്തരമൊരു വിലയിരുത്തൽ ആർക്കും നടത്താനാവില്ലെന്നും നവ്ദീപ് റിൻവ പറഞ്ഞു.

ബുൾഡോസർ പ്രയോഗിക്കൂ -അഖിലേഷ്

കമ്മിഷന്റെ വിശദീകരണം വന്നതിനുപിന്നാലെ പരിഹാസവുമായി സമാജ്വാദി പാർട്ടിയധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. കമ്മിഷൻ പറയുന്നതിനോട് യോജിപ്പില്ലെങ്കിൽ യോഗി തന്റെ പ്രിയപ്പെട്ട ബുൾഡോസർ കമ്മിഷനുനേരേ പ്രയോഗിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കിയെന്ന് തുടക്കത്തിൽ പറഞ്ഞ യോഗി ഇപ്പോൾ മിണ്ടുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.

Content Highlights: UP Chief Electoral Officer Navdeep Rinwa denies Yogi Adityanath's claims., EC database does not contain religion or caste details of voters., SP chief Akhilesh Yadav mocks Yogi Adityanath following the clarification.