ആടിനെ വിഴുങ്ങാൻ ഇറച്ചിക്കടയിൽ കയറി മലമ്പാമ്പ്; പിടിച്ച് കഴുത്തിൽ ചുറ്റി മദ്യപൻ | വീഡിയോ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒരു വലിയ മലമ്പാമ്പ് ഇറച്ചിക്കടയിലേക്ക് ഇഴഞ്ഞുകയറിയത് വലിയ പരിഭ്രാന്തിക്കും ബഹളത്തിനും കാരണമായി. എന്നാൽ അവിടെയുണ്ടായിരുന്ന ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അടുത്തതായി സംഭവിച്ചത്; മദ്യപിച്ച് ലക്കുകെട്ട ഒരാൾ ഒട്ടും ഭയമില്ലാതെ രക്ഷകനായി രംഗത്തെത്തുകയും, പാമ്പിനെ പിടികൂടി അതിനോടൊപ്പം കളിക്കാൻ തുടങ്ങുകയും ചെയ്തു.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, മലമ്പാമ്പിന് ഏകദേശം 15 അടി നീളമുണ്ടായിരുന്നു. കടയിലുണ്ടായിരുന്ന ആടുകളെ ഇരയാക്കാനായിരിക്കാം പാമ്പ് ഇറച്ചിക്കടയിലേക്ക് കയറിയത് എന്നാണ് കരുതുന്നത്. ആടിനെ പിടികൂടാനെത്തിയ കടയുടമയാണ് കൂറ്റൻ മലമ്പാമ്പിനെ കണ്ടത്. പരിഭ്രായന്തനായ കടയുടമ അടുത്തുണ്ടായിരുന്നവരെ വിളിച്ചുകൂട്ടി. എല്ലാവരുംകൂടി എന്തുചെയ്യണം എന്ന് ചിന്തിച്ചുനിൽക്കുന്നതിനിടെയാണ് മദ്യപന്റെ രംഗപ്രവേശം.
സുരേഷ് എന്നയാളാണ് കുടിച്ച് ലക്കില്ലാതെ കൃത്യം ആ സമയത്തുതന്നെ അവിടെയെത്തിയത്. കണ്ടുനിന്നവരെയെല്ലാം ഒരേസമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത സംഭവമാണ് പിന്നീട് അവിടെ നടന്നത്. ഒട്ടും കൂസലില്ലാതെ പാമ്പിന്റെയടുത്തേക്ക് നടന്ന സുരേഷ് വെറുംകൈകൊണ്ട് തന്നെ പാമ്പിനെ പിടികൂടി. സ്വന്തം സുരക്ഷയെക്കുറിച്ചൊന്നും സുരേഷിന് ഒരുബോധവും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മലമ്പാമ്പ് സുരേഷിന്റെ കൈകളിൽ വരിഞ്ഞുമുറുക്കാൻ തുടങ്ങി. മാത്രമല്ല, കൈയിൽ ഒന്നോ രണ്ടോ തവണ കടിക്കുകയും ചെയ്തു. എന്നാൽ മലമ്പാമ്പുകൾക്ക് വിഷമില്ലാത്തതിനാൽ അപകടമൊന്നും സംഭവിച്ചില്ല. എന്നാൽ ഈ മൽപ്പിടുത്തത്തിനിടയിലും ആ മദ്യപന് ഒട്ടും കുലുക്കമുണ്ടായിരുന്നില്ല.
ഒടുവിൽ പാമ്പിനെ പൂർണമായും നിയന്ത്രണത്തിലാക്കിയ അയാൾ, അതിനെ ഒരു മാല പോലെ തന്റെ തോളിൽ ചുറ്റിയിട്ടു. തുടർന്ന് ആളുകൾക്ക് മുൻപിൽവെച്ച് പാമ്പിനെവെച്ച് കളിയും തുടങ്ങി. വിചിത്രമായ ഈ ദൃശ്യം കാണാൻ അവിടെ ജനം തടിച്ചുകൂടി. വഴിപോക്കരും പ്രദേശത്തെ മറ്റ് കടക്കാരും ഈ രംഗം കണ്ട് അന്തംവിട്ടു നിൽക്കുകയായിരുന്നു.
സുരേഷ് കുറച്ചു സമയം കൂടി പാമ്പുമായി കളിച്ച ശേഷം, അതിനെ സുരക്ഷിതമായി ഒരു വലിയ പാത്രത്തിലാക്കി. തുടർന്ന് ആ പാത്രവുമായി പോയി മലമ്പാമ്പിനെ ഒരു കാനയിലേക്ക് തുറന്നുവിട്ടു. ഒടുവിലത്തെ ദേഷ്യമെന്നോണം പാമ്പ് അതിന്റെ തല ഏകദേശം മൂന്നടി ഉയരത്തിൽ പൊക്കിപ്പിടിച്ചു നിന്നു.
ഇതോടെ നാട്ടുകാർക്ക് വീണ്ടും ഭയമായി. കുറച്ചുനേരം അങ്ങിനെതന്നെ നിന്നശേഷം പാമ്പ് അതിന്റെ പാട്ടിന് ഇഴഞ്ഞുപോയി. അതിനു ശേഷമാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്. ഈ സമയംകൊണ്ട് സുരേഷും തന്റെ വഴിക്കുപോയിരുന്നു.
Content Highlights: A 15-foot python entered a meat shop in Barabanki, Uttar Pradesh, to hunt a goat. A heavily intoxicated local man named Suresh bravely caught the snake with his bare hands. Despite getting bitten, Suresh remained unfazed and draped the python around his neck like a garland. Suresh safely secured the python in a container and released it into a nearby drain.