നിരോധനജ്ഞ: പരിഭ്രാന്തരാകേണ്ടെന്ന് മുംബൈക്കാരോട് അഭ്യര്‍ഥിച്ച് സെന്‍ട്രല്‍ റെയില്‍വേ

മുംബൈ: നിരോധനജ്ഞ പ്രാബല്യത്തില്‍ വരുന്നതിനെ ചൊല്ലി പരിഭ്രാന്തരാകരുതെന്നും റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കണമെന്നും മുംബൈ ജനതയോട് അഭ്യര്‍ഥിച്ച് സെന്‍ട്രല്‍ റെയില്‍വേ. ഏപ്രില്‍ 14ന് രാത്രി എട്ടുമുതല്‍ മുതല്‍ 15 ദിവസത്തേക്ക് മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഉറപ്പായ ടിക്കറ്റ് ഉളളവരെ മാത്രമേ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ കയറാന്‍ അനുവദിക്കൂവെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും സെന്‍ട്രല്‍ റെയില്‍വേയുടെ മുഖ്യ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി സുതര്‍ പറഞ്ഞു. അതേസമയം അസാധാരണമായ തിരക്ക് റെയില്‍വേ സ്റ്റേഷനില്‍ അനുഭവപ്പെടുന്നില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ അവകാശപ്പെട്ടു.
ആളുകള്‍ ഇരച്ചെത്തുന്ന ലോകമാന്യതിലക് ടെര്‍മിനസിന് പുറത്ത് റെയില്‍ സുരക്ഷാസേനയും റെയില്‍വേ പോലീസും കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഏപ്രില്‍ 14 മുതല്‍ മെയ് ഒന്നുവരെ അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് മഹാരാഷ്ട്രയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ദിവസവേതനക്കാരായ തൊഴിലാളികള്‍ പരിഭ്രാന്തരായതായും ഇവര്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കയറിപ്പറ്റുന്നതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Content Highlights: Maharashtra Curfew: Don't panic, avoid crowding at stations says central railway
Content Highlights: