കള്ളപ്പണക്കേസുകളിൽ ഇഡി ആശ്രയിക്കാത്ത രേഖകളും പ്രതിക്ക് നൽകണം-സുപ്രീംകോടതി

ന്യൂഡൽഹി: കള്ളപ്പണക്കേസുകളിൽ അന്വേഷണത്തിനിടെ ഇഡി ശേഖരിക്കുകയും പിന്നീട് ആശ്രയിക്കാതിരിക്കുകയും ചെയ്ത രേഖകളുടെയും മൊഴികളുടെയും പകർപ്പുലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി.
ആശ്രയിക്കാത്ത രേഖകൾ എതെല്ലാമാണെന്നും പ്രതിക്ക് അറിവുണ്ടാകണം. അതിനാൽ ഇത്തരം രേഖകൾക്കുവേണ്ടി പ്രതികൾ അപേക്ഷ നൽകിയാൽ കോടതികൾ ഉദാരസമീപനം സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതിരോധിക്കാനുള്ള പ്രതിയുടെ അവകാശം നടപ്പായാലേ നീതിയുക്തമായ വിചാരണ സാധ്യമാകൂ. അതിനാൽ കോടതിയിൽ പ്രതിരോധിക്കേണ്ട സമയത്ത് രേഖകളുടെ പകർപ്പുലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അന്വേഷണ ഏജൻസി ആശ്രയിച്ചാലും ഇല്ലെങ്കിലും കേസിന്റെ രേഖകൾ ലഭിക്കാൻ ക്രിമിനൽ നടപടിച്ചട്ടപ്രകാരം തനിക്ക് അവകാശമുണ്ടെന്നാണ് പ്രതി വാദിച്ചത്.
Content Highlights: documents that havent rely by ed must be given to culprits