മോർച്ചറിയിൽ മദ്യപാനം, വീഡിയോ വൈറലായി; മഹാരാഷ്ട്രയിൽ ഡോക്ടർക്ക് സസ്‌പെൻഷൻ

#ന്യൂസ് ഡെസ്ക്
വൈറലായ വീഡിയോയിൽ നിന്നുള്ള ദൃശ്യം, ഡോ. വൈഭവ് അവിനാഷ് മസ്‌കെ | Photos: X
വൈറലായ വീഡിയോയിൽ നിന്നുള്ള ദൃശ്യം, ഡോ. വൈഭവ് അവിനാഷ് മസ്‌കെ | Photos: X

പുണെ: മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ മദ്യപാന പാർട്ടി നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. പിംപ്രി-ചിഞ്ച്വാഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. പിന്നാലെയാണ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു.

വൈഭവ് അവിനാഷ് മസ്‌കെ എന്ന ഡോക്ടർക്കെതിരെയാണ് നടപടി. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ചത്.

മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരാളാണ് സംഭവം പുറത്തറിയിച്ചത്. കാത്തുനിന്ന് മടുത്ത് പോസ്റ്റ്മോർട്ടം മുറിക്കുള്ളിലേക്ക് നോക്കിയപ്പോഴാണ് ഡോക്ടർ മദ്യലഹരിയിലാണെന്ന് ഇദ്ദേഹം കണ്ടത്. പിന്നീട് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. മുറിക്കുള്ളിലെ മേശയിൽ ഭക്ഷണസാധനങ്ങളും മദ്യക്കുപ്പിയും ഉള്ളതായി വീഡിയോയിൽ വ്യക്തമായി കാണാമായാരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മിഷണർ കുൽദീപ് ജംഗം വിഷയത്തിൽ ഇടപെട്ടു. ഡോക്ടർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മിഷണർ വിജയ് സൂര്യവംശി ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഡോക്ടർക്കെതിരെ 15 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതിനുശേഷം വകുപ്പുതല അന്വേഷണം പൂർത്തിയാക്കും. സസ്‌പെൻഷൻ കാലയളവിൽ അനുമതിയില്ലാതെ പിംപ്രി വിട്ടുപോകാൻ ഡോക്ടർക്ക് അനുവാദമില്ല. ഈ കാലയളവിൽ മറ്റ് തൊഴിൽ അല്ലെങ്കിൽ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്.

Content Highlights: A doctor at Yashwantrao Chavan Memorial Hospital in Maharashtra was suspended after a viral video exposed him consuming alcohol inside the post-mortem room, prompting a departmental inquiry.