SIR-ൽ രാഹുലിന് ഇരട്ടത്താപ്പെന്ന് വിമർശനം, പിന്നാലെ പ്രതിഷേധത്തിന് പിന്തുണ; യൂടേണടിച്ച് ഡിഎംകെ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നിലപാട് തിരുത്തി ഡിഎംകെ. ഗ്യാനേഷ് കുമാർ വിഷയത്തിൽ രാഹുലിനെതിരേ ചൊവ്വാഴ്ച കടുത്ത വിമർശനങ്ങളായിരുന്നു ഡിഎംകെ നേതാവ് ഉന്നയിച്ചിരുന്നത്. എന്നാൽ രാഹുൽ നടത്തുന്ന പ്രതിഷേധത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നാണ് ബുധനാഴ്ച ഡിഎംകെ നേതാവ് പ്രതികരിച്ചത്.
ഗ്യാനേഷ് കുമാർ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ പോരാടാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഗ്യാനേഷ് കുമാറിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ രാഹുലിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെയാണ് ഡിഎംകെ നേതാവിന്റെ പ്രതികരണം.
തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയ വിഷയത്തിൽ രാഹുൽ ഗാന്ധി പുലർത്തിയ മൗനത്തെ ചൊവ്വാഴ്ച ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പരസ്യമായി ചോദ്യം ചെയ്തിരുന്നു. വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ രാഹുൽ ഗാന്ധി ഇരട്ടത്താപ്പ് കാണിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളലുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഡിഎംകെ നേതാവിന്റെ പ്രതികരണം. നടൻ വിജയിയുടെ ടി.വി.കെയുമായി കോൺഗ്രസ് സഹകരിക്കാൻ തീരുമാനിച്ചതാണ് ഈ സഖ്യത്തിൽ വിള്ളലുണ്ടാക്കിയത്. വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്തതിനെതിരെ നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് ഡി.എം.കെ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
Content Highlights: DMK reverses previous criticism and backs Rahul Gandhi's protest march against CEC Gyanesh Kumar., TKS Elangovan states citizens have the right to fight government actions and demands accountability., Protests follow tensions over voter list omissions in Tamil Nadu and upcoming 2026 assembly elections.