ഡി.കെയുടെ സത്യപ്രതിജ്ഞ വൈകീട്ട് 4-ന്; ജി. പരമേശ്വര ഉപമുഖ്യമന്ത്രി, 14 മന്ത്രിമാർ

ബെംഗളൂരു: കർണാടകയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ (64) ഇന്ന്(ജൂൺ മൂന്ന്) വൈകുന്നേരം നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം 14 മന്ത്രിമാരും സത്യവാചകം ചൊല്ലും. ഡി.കെ. ശിവകുമാറിന്റെ ആദ്യ കർണാടക മന്ത്രിസഭയിൽ ആരെല്ലാമാണ് ഉണ്ടാകുക എന്ന ചൂടേറിയ ചർച്ചയ്ക്കുള്ള ഉത്തരം ഇന്ന് ലഭിക്കും.
സത്യപ്രതിജ്ഞയ്ക്ക് മുൻപായി ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ലോക്ഭവനിലെ ചടങ്ങിലേക്ക് ക്ഷണിച്ചു. 'കർണാടകയുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുമ്പോൾ മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും മാർഗനിർദേശവും ഞാൻ പ്രതീക്ഷിക്കുന്നു.' സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവകുമാർ ‘എക്‌സി’ൽ കുറിച്ചു.
കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ, എല്ലാവരുടെയും ശ്രദ്ധ മന്ത്രിസഭയുടെ ഘടനയിലേക്കാണ്. ശിവകുമാറിന്റെ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ അവസാനിച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ലെങ്കിലും മന്ത്രിമാരുടെ ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്.
കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നല്ല, ഡൽഹിയിലെ ഹൈക്കമാൻഡിൽനിന്നാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വന്നത്. സാമുദായികവും പ്രാദേശികവുമായ പരിഗണനകൾ മുൻനിർത്തിയാണ് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 13 പേരുകളാണ് ഉറപ്പായിട്ടുള്ളത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും ഖാർഗെയുടെ മകൻ പ്രിയങ്കും അവസാന നിമിഷംവരെയും പരിഗണനയിൽ ഉണ്ടായിരുന്നതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ, ഇവരെ രണ്ടുപേരെയും പിന്തള്ളി സംസ്ഥാനത്തെ മുതിർന്ന നേതാവും സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും ആയിരുന്ന ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ പട്ടികയിലുള്ള മറ്റ് നേതാക്കൾ: പ്രിയങ്ക് ഖാർഗെ, യതീന്ദ്ര സിദ്ധരാമയ്യ, കെ.ജെ. ജോർജ്, സതീഷ് ജാർക്കിഹോളി, ശിവരാജ് തംഗദാഗി, യു.ടി. ഖാദർ, രാമലിംഗ റെഡ്ഡി, ഈശ്വർ ഖണ്ഡ്രെ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, ശരൺ, പ്രകാശ് പാട്ടീൽ, എം.ബി. പാട്ടീൽ, കെ.എച്ച്. മുനിയപ്പ.
ആദ്യഘട്ട മന്ത്രിസഭ പരിമിതമായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട മന്ത്രിസഭാ രൂപീകരണം ഈ മാസം അവസാനം ലെജിസ്ലേറ്റീവ് കൗൺസിൽ, രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ ശേഷം നടക്കാനാണ് സാധ്യത. പട്ടികയിലെ ഏറ്റവും പരിചയസമ്പന്നനായ നേതാക്കളിൽ ഒരാളാണ് ജി. പരമേശ്വര.
മറ്റൊരു മുതിർന്ന നേതാവായ കെ.ജെ. ജോർജും മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ സർക്കാരുകളിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം മികച്ച ഭരണാധികാരിയായാണ് അറിയപ്പെടുന്നത്. ബെംഗളൂരുവിൽനിന്നുള്ള മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡിയും പുതിയ മന്ത്രിസഭയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു.
അതുപോലെ, സതീഷ് ജാർക്കിഹോളിയും പട്ടികയിലുണ്ട്. വടക്കൻ കർണാടകയിൽനിന്നുള്ള ഏറ്റവും സ്വാധീനമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളും പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാവുമായ അദ്ദേഹത്തിന്റെ സാന്നിധ്യം സർക്കാരിൽ പ്രാദേശികവും സാമൂഹികവുമായ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിയങ്ക് ഖാർഗെയുടെ പേരും പട്ടികയിലുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് പാർട്ടിയുടെ ഏറ്റവും ശ്രദ്ധേയനായ യുവനേതാക്കളിൽ ഒരാളായി വളരുകയും സിദ്ധരാമയ്യ സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണപരിചയവും രാഷ്ട്രീയ പ്രാധാന്യവുമാണ് ശിവകുമാർ മന്ത്രിസഭയിലെ സുപ്രധാന പദവിയിലേക്ക് അദ്ദേഹത്തെ അർഹനാക്കിയത്. നേതൃമാറ്റത്തിന് ശേഷവും കർണാടക രാഷ്ട്രീയത്തിൽ ഖാർഗെ വിഭാഗത്തിന്റെ സ്വാധീനം തുടരുന്നുവെന്ന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യം.
അതുപോലെ, ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് യതീന്ദ്ര സിദ്ധരാമയ്യയുടേത്. മുൻ എംഎൽഎയും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്രയെ ദീർഘകാലമായി കോൺഗ്രസിനുള്ളിലെ വളർന്നുവരുന്ന ശക്തിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൃംഖലയുടെ സാന്നിധ്യം സർക്കാരിൽ ഉറപ്പാക്കാനുള്ള ശ്രമമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
വ്യാപകമായ പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള മന്ത്രിമാരുടെ പട്ടികയിൽനിന്നു വ്യക്തമാകുന്നത്. കൃഷ്ണ ബൈരെ ഗൗഡയാണ് പട്ടികയിലുള്ള മറ്റൊരു നേതാവ്. പാർട്ടിയുടെ നയരൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം മുൻപ് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച ഭരണാധികാരിയായിട്ടാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്റെ പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തീരദേശ കർണാടകയിൽ വലിയ സ്വാധീനമുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. മന്ത്രിമാരുടെ പട്ടികയിലുള്ള മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവാണ് ഈശ്വർ ഖണ്ഡ്രെ. ഹൈദരാബാദ്-കർണാടക മേഖലയിൽ നിന്നുള്ള പ്രധാന രാഷ്ട്രീയക്കാരനും പാർട്ടിയുടെ പ്രധാന ലിംഗായത്ത് മുഖങ്ങളിലൊന്നുമാണ് അദ്ദേഹം.
അടുത്ത കാലത്തായി ബിജെപിയോട് ആഭിമുഖ്യം പുലർത്തുന്ന സമുദായത്തെയും കോൺഗ്രസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി അദ്ദേഹം ദീർഘകാലമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സംഘടനാ പരിചയവും ശക്തമായ പ്രാദേശിക സ്വാധീനവും പാർട്ടിക്കുള്ളിലെ സീനിയോറിറ്റിയും പരിഗണിച്ചാണ് മന്ത്രിസ്ഥാനം.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ശിവകുമാർ ഭരണത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും യുവാക്കൾക്ക് തൊഴിലുറപ്പും ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾ അധികാരമേറ്റ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള ഏകദേശം രണ്ട് വർഷത്തെ കാലയളവിലേക്കാണ് ഡി.കെ. മുഖ്യമന്ത്രി പദം അലങ്കരിക്കുക.
Content Highlights: DK Shivakumar sworn in as Chief Minister of Karnataka. G Parameshwara appointed as Deputy Chief Minister. First phase of cabinet includes 13 ministers to balance regional and social representation. Prominent leaders like Priyank Kharge, KJ George, and Yathindra Siddaramaiah included. Further cabinet expansion expected after legislative council elections.