ദീപാവലി രാത്രിയിൽ വായുവിലെ PM 2.5 വർധിക്കുക 800 ശതമാനം വരെ; ശ്വാസകോശത്തിലേക്ക് എത്തുക മാരക വിഷം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് പടക്കങ്ങൾ. വർണങ്ങൾ വാരിവിതറുന്നതും കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങളുമെല്ലാം ദീപാവലി കാലത്തെ ഇന്ത്യയിലെ പതിവ് കാഴ്ചകളാണ്. എന്നാൽ കണ്ണിന് കുളിർമയേകുന്ന പടക്കങ്ങൾ അന്തരീക്ഷത്തിനും അതുവഴി മനുഷ്യരുടെ ആരോഗ്യത്തിനും വലിയ ദോഷമാണ് ഉണ്ടാക്കുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പടക്കങ്ങൾ അന്തരീക്ഷത്തിലേക്ക് വൻതോതിൽ വിഷവസ്തുക്കൾ പുറന്തള്ളുന്നതായി പഠനങ്ങൾ പറയുന്നു. ദീപാവലി രാത്രിയിൽ വായുവിലെ സൂക്ഷ്മകണങ്ങളായ പിഎം 2.5-ന്റെ അളവിൽ 300 ശതമാനം മുതൽ 800 ശതമാനത്തിലേറെ വരെ വർധനയാണ് ഉണ്ടാവുക. വായുവിലെ 2.5 മൈക്രോ മീറ്ററോ അതിൽ താഴെയോ വലിപ്പമുള്ള അതിസൂക്ഷ്മ കണങ്ങളെയാണ് പിഎം 2.5 എന്ന് പറയുന്നത്. ചുവപ്പ്, പച്ച, നീല, മഞ്ഞ നിറങ്ങൾ ലഭിക്കുന്നതിനായി പടക്കങ്ങളിൽ വിവിധതരം ഘനലോഹങ്ങളും അജൈവ ലവണങ്ങളും ഉപയോഗിക്കുന്നതാണ് പിഎം 2.5 വർധിക്കാൻ പ്രധാന കാരണം. കമ്പിത്തിരി, നിലത്ത് കറങ്ങുന്ന ചക്രങ്ങൾ, ആകാശത്ത് പൊട്ടുന്ന പടക്കങ്ങൾ എന്നിവയെല്ലാം കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് രാസവസ്തുക്കൾ പുറന്തള്ളുന്നു.
സ്ട്രോൺഷ്യം ഉപയോഗിച്ചാണ് പടക്കങ്ങളിൽ കടുംചുവപ്പ് നിറം ലഭ്യമാക്കുന്നത്. ബേരിയം പച്ചനിറവും ചെമ്പ് നീലനിറവും നൽകുന്നു. സോഡിയം ഉപയോഗിച്ചാണ് തിളക്കമുള്ള മഞ്ഞനിറം ഉണ്ടാക്കുന്നത്. പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, കരി എന്നിവയും പടക്കനിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇവ ഓക്സീകരണത്തിനും ജ്വലനത്തിനും സഹായിക്കുന്നു. പടക്കങ്ങൾ കത്തുമ്പോൾ വലിയ അളവിലാണ് സൂക്ഷ്മകണങ്ങൾ പുറത്തുവരുന്നത്. സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വാതകങ്ങളും അന്തരീക്ഷത്തിൽ കലരുന്നു.
ഐഐടി ബോംബെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളും വിവിധ മേഖലകളിലെ വായുനിലവാര നിരീക്ഷണങ്ങളും ദീപാവലി രാത്രിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ആഘോഷരാത്രികളിൽ വായുവിന്റെ രാസഘടനയിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. നഗരങ്ങളിലെ മലിനീകരണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി പത്ത് മുതൽ പുലർച്ചെ ഒരു മണി വരെയാണ് പിഎം 2.5-ന്റെ അളവ് ഏറ്റവും ഉയരുന്നത്. ഈ സമയത്ത് ഒരു മണിക്കൂറിലെ പിഎം 2.5 സാന്ദ്രത പലപ്പോഴും ഒരു ഘനമീറ്ററിൽ 800 മുതൽ 1,000 മൈക്രോഗ്രാം വരെ എത്തുന്നു. സുരക്ഷിതമായ അന്തരീക്ഷ വായുനിലവാര പരിധിയേക്കാൾ പതിനഞ്ചിരട്ടിയിലധികമാണിത്.
ദീപാവലി രാത്രിയിലെ ഏറ്റവും ഉയർന്ന മലിനീകരണ സമയത്ത് പിഎം 2.5-ൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളിൽ 85 ശതമാനം വരെ പടക്കങ്ങളിൽനിന്ന് ഉണ്ടാകുന്നതാണെന്ന് പഠനങ്ങൾ പറയുന്നു. ദീപാവലി രാത്രിയിൽ ശേഖരിച്ച വായു സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിലും വിഷലോഹങ്ങളുടെ അളവിൽ വലിയ വർധന കണ്ടെത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിലെ അളവുമായി താരതമ്യം ചെയ്യുമ്പോൾ ബേരിയത്തിന്റെ സാന്നിധ്യം 140 മടങ്ങിലേറെയാണ് ഉയരുന്നത്. സ്ട്രോൺഷ്യത്തിന്റെ അളവിൽ 450 മടങ്ങിലേറെ വർധനയും രേഖപ്പെടുത്തുന്നു. വെള്ളത്തിൽ ലയിക്കുന്ന സൾഫേറ്റുകളും നൈട്രേറ്റുകളും വായുവിലെ സൂക്ഷ്മകണങ്ങളുടെ വലിയൊരു ഭാഗമാണ്. ഇവ അന്തരീക്ഷത്തിലെ എയറോസോളുകളുടെ അമ്ലത വർധിപ്പിക്കുന്നു. ഓക്സിഡേറ്റീവ് പൊട്ടൻഷ്യൽ എന്നറിയപ്പെടുന്ന ഓക്സീകരണ ശേഷിയുടെ അളവിലും 200 മുതൽ 300 ശതമാനം വരെ വർധനയുണ്ടാകുന്നു.
ദീപാവലി കാലത്ത് ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ മാറ്റങ്ങളും വായുമലിനീകരണം രൂക്ഷമാക്കുന്നു. താപനില കുറയുന്നതും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതും കാറ്റിന്റെ വേഗം കുറയുന്നതും മലിനവായുവിന്റെ സഞ്ചാരം തടയുന്നു. ഇതോടെ ഇൻവേർഷൻ ലെയർ എന്ന പ്രതിഭാസമുണ്ടാകും. ഇതുവഴി രൂപപ്പെടുന്ന വായുവിന്റെ പാളി മലിനവസ്തുക്കൾ മുകളിലേക്ക് വ്യാപിക്കുന്നത് തടയുന്നു. ഇതിന്റെ ഫലമായി വിഷവാതകങ്ങളും സൂക്ഷ്മകണങ്ങളും ഭൂമിയുടെ ഉപരിതലത്തിന് സമീപം തന്നെ തങ്ങിനിൽക്കുന്നു.
ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഉത്തരേന്ത്യയിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്. കൊയ്ത്തിനുശേഷം വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നത് പ്രാദേശിക മലിനീകരണത്തിന്റെ അളവ് വർധിപ്പിക്കുന്നു. എന്നാൽ അർധരാത്രിയിൽ അന്തരീക്ഷത്തിലെ ഘനലോഹങ്ങളുടെ അളവ് ഉയരുന്നതിന് പ്രധാന കാരണം പടക്കങ്ങളുടെ ജ്വലനമാണെന്ന് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. പൊട്ടാസ്യം, അലുമിനിയം, ബേരിയം, സ്ട്രോൺഷ്യം തുടങ്ങിയ മൂലകങ്ങളുടെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വർധന പടക്കങ്ങളിൽനിന്നുള്ള പുറന്തള്ളലുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യൻ നഗരങ്ങളിൽ ദീപാവലി രാത്രിയിൽ ആയിരക്കണക്കിന് മെട്രിക് ടൺ പടക്കങ്ങൾ കത്തിക്കുന്നതായാണ് വ്യാപാര സംഘടനകളുടെയും വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെയും കണക്കുകൾ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പടക്കങ്ങളും കമ്പിത്തിരികളും റോക്കറ്റുകളുമാണ് ഒരൊറ്റ രാത്രിയിൽ കത്തിക്കുന്നത്. ഇതിലൂടെ പുറത്തുവരുന്ന സൂക്ഷ്മകണങ്ങൾ മനുഷ്യരുടെ ശ്വാസകോശത്തിലെ ആൽവിയോളി എന്ന വായുസഞ്ചികളിലേക്ക് വരെ എത്തുന്നു. അവിടെനിന്ന് ഇവ രക്തത്തിൽ കലരും. അതിനാൽ പടക്കങ്ങളിൽനിന്നുള്ള മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.
ദീപാവലി കാലത്ത് ശ്വാസതടസ്സം, ആസ്ത്മ, കണ്ണിലെ അസ്വസ്ഥത, ചർമ അലർജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതായി നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. പടക്കങ്ങളിൽനിന്നുള്ള ഘനലോഹങ്ങൾ അടങ്ങിയ സൂക്ഷ്മകണങ്ങൾ ശ്വസിക്കുന്നത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം വർധിപ്പിക്കാനും ഇടയാക്കും. കുട്ടികൾക്കും പ്രായമായവർക്കും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നു. പടക്കങ്ങൾ പൊട്ടിച്ചുതീർന്ന ശേഷവും അന്തരീക്ഷത്തിൽ മലിനീകരണം നിലനിൽക്കാം. അതിനാൽ ദീപാവലിക്ക് ശേഷമുള്ള വായുനിലവാരം വീണ്ടെടുക്കുന്നത് ഓരോ വർഷവും പ്രധാന പൊതുജനാരോഗ്യ വിഷയമായി മാറുന്നു.
Content Highlights: Studies reveal that PM 2.5 air pollution spikes by 300 to over 800 percent on Diwali night due to fireworks, releasing toxic heavy metals like barium and strontium that deeply impact human respiratory health.