അഭിനന്ദനം RSS-ന്റെ സംഘടനാശേഷിക്ക്, പ്രത്യയശാസ്ത്രത്തിനല്ല- വിവാദത്തിൽ വിശദീകരണവുമായി ദിഗ്‌വിജയ് സിങ്

#ന്യൂസ് ഡെസ്‌ക്
ദിഗ്‌വിജയ് സിങ് | Photo: PTI
ദിഗ്‌വിജയ് സിങ് | Photo: PTI

ന്യൂഡൽഹി: ബിജെപിയേയും ആർഎസ്എസിനേയും അഭിനന്ദിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത്. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സംഘടനാശേഷിയെയാണ് താൻ പ്രശംസിച്ചതെന്നും അതിന്റെ പ്രത്യയശാസ്ത്രത്തോട് എല്ലായിപ്പോഴും വിയോജിപ്പ് തന്നെ ആണെന്നും സിങ് എഎൻഐയോട് പറഞ്ഞു.

മുൻ പ്രധാനമന്ത്രി എൽ.കെ. അദ്വാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 1990-കളിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശനിയാഴ്ച, സിങ് ആർഎസ്എസ്-ബിജെപി നേതൃത്വത്തെ പ്രശംസിച്ചത്. ഗുജറാത്തിൽ നടന്ന ഒരു പരിപാടിയുടെ ഈ ചിത്രത്തിൽ അദ്വാനി കസേരയിലും അദ്ദേഹത്തിന് തൊട്ടുമുന്നിലായി തറയിൽ മോദിയും ഇരിക്കുന്നതാണ് കാണാനാവുക. ക്വോറ എന്ന വെബ്‌സൈറ്റിൽ കണ്ട ഈ ചിത്രം തന്നെ ആകർഷിച്ചു എന്നുപറഞ്ഞാണ് അദ്ദേഹം എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്.

ക്വോറയിലെ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട സിങ് കുറിച്ചു, 'ആർഎസ്എസ്-ജനസംഘം പ്രവർത്തകരായ സ്വയംസേവകർ എങ്ങനെയാണ് തുടക്കകാലത്ത് മുതിർന്ന നേതാക്കളുടെ കാൽക്കീഴിലിരിക്കുകയും, പിന്നീട് വളർന്ന് സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാകുന്നത്. അതാണ് സംഘടനാ ശക്തി.' പോസ്റ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി, ജയറാം രമേശ് എന്നിവരെയും പ്രധാനമന്ത്രി മോദിയെയും സിങ് ടാഗ് ചെയ്യുകയും ചെയ്തു.

സിങിന്റെ പോസ്റ്റ് സംഘടനയുടെ നേതൃത്വത്തിനുള്ള നേരിട്ടുള്ള സന്ദേശമാണെന്ന് വ്യാഖ്യാനിച്ച ബിജെപി, അദ്ദേഹത്തിന്റെ ട്വീറ്റ് കോൺഗ്രസ് നേതാക്കളെ വിമർശിക്കാനും ഉപയോഗിച്ചു. പാർട്ടിയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് രാജ്യസഭാ എംപി തന്നെ രംഗത്തുവന്നതോടെ സിങിന്റെ പോസ്റ്റ് കോൺഗ്രസ് പാർട്ടിക്കുള്ള പരോക്ഷമായ വിമർശനമായി കണക്കാക്കപ്പെട്ടു. ഇതോടെയാണ് അദ്ദേഹം തന്റെ വാക്കുകളിൽ വ്യക്തത വരുത്തിയത്.

'ഞാൻ തുടക്കം മുതൽ ഇത് പറയുന്നുണ്ട്: ഞാൻ ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നു. അവർ ഭരണഘടനയെയോ രാജ്യത്തെ നിയമങ്ങളെയോ ബഹുമാനിക്കുന്നില്ല, അതൊരു രജിസ്റ്റർ ചെയ്യാത്ത സംഘടനയാണ്. രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടന പോലും ഇത്രയും ശക്തമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി റെഡ് ഫോർട്ടിൽ നിന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ എൻജിഒ ആണെന്നാണ്. അതൊരു എൻജിഒ ആണെങ്കിൽ, നിങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും എവിടെ പോയി? എന്നിരുന്നാലും, സംഘത്തിന്റെ സംഘടനാപരമായ കഴിവുകളെ ഞാൻ അഭിനന്ദിക്കുന്നു.' സിങ് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

കോൺഗ്രസിന്റെ സംഘടനാപരമായ കഴിവിനെക്കുറിച്ചുള്ള ചോദ്യത്തിന് 'മെച്ചപ്പെടുത്താൻ ഇടമുണ്ട്' എന്ന് സിംഗ് പറഞ്ഞു. 'കോൺഗ്രസ് പാർട്ടി അടിസ്ഥാനപരമായി ഒരു പ്രസ്ഥാനത്തിന്റെ പാർട്ടിയാണ്. കോൺഗ്രസ് പാർട്ടി ഒരു പ്രസ്ഥാനത്തിന്റെ പാർട്ടിയാണെന്നും അങ്ങനെ തന്നെ തുടരണമെന്നും ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ആ പ്രസ്ഥാനത്തെ വോട്ടുകളാക്കി മാറ്റുന്നതിൽ ഞങ്ങൾ പിന്നിലാണ്.' മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സിങ് കൂട്ടിച്ചേർത്തു.

Content Highlights: Congress leader Digvijaya Singh clarifies his remarks on RSS, stating admiration for its organizational strength, not its ideology. Learn more about his statement.