വരികളിലൊളിപ്പിച്ച സന്ദേശം; തമിഴക രാഷ്ട്രീയത്തിലേക്ക് ധനുഷ് വന്നാൽ പിറക്കുമോ മറ്റൊരു ടിവികെ?

ചെന്നൈ: തിരുവള്ളൂരിൽ നടന്ന ആരാധക സംഗമത്തിൽ തമിഴ് നടൻ ധനുഷ് നടത്തിയ പ്രസംഗം തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിമാറുന്നു. സിനിമകളുടെ ഓഡിയോ ലോഞ്ചുകൾക്കും മറ്റ് ആഘോഷങ്ങൾക്കും അപ്പുറം ജനസേവനത്തിലേക്ക് ഇറങ്ങാനും പൊതുശക്തിയായി മാറാനും അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്തു. "നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയൂ, നിങ്ങളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നണം" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വെറുമൊരു ഉപദേശമല്ല, മറിച്ച് വലിയൊരു രാഷ്ട്രീയ ലക്ഷ്യത്തിന്റെ തുടക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം സിനിമയും രാഷ്ട്രീയവും തമ്മിൽ വേർപിരിക്കാനാവാത്ത ബന്ധമാണുള്ളത്. അതിനാൽ തന്നെ ഓരോ താരത്തിന്റെയും വാക്കുകൾ രാഷ്ട്രീയ കണ്ണിലൂടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. ധനുഷിന്റെ ഈ വാക്കുകളെ സാമൂഹിക മാധ്യമങ്ങളിൽ ‘രാഷ്ട്രീയത്തിലേക്ക് സ്വാഗതം’ എന്ന സന്ദേശങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്. ധനുഷിന്റെ പിതാവ് കസ്തൂരി രാജയും ഈ സാധ്യത തള്ളിക്കളഞ്ഞില്ല എന്ന് മാത്രമല്ല, ആർക്കും രാഷ്ട്രീയത്തിൽ വരാൻ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ചിന്ത പോലെയാണ് ജീവിതം എന്ന് അർഥം വരുന്ന മുദ്രാവാക്യമുള്ള ഒരു പ്രത്യേക പതാക ആരാധക സംഘടന ഈ മാസം ആദ്യം പുറത്തിറക്കിയതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ധനുഷിന്റെ ഈ നീക്കത്തെ പലരും താരതമ്യം ചെയ്യുന്നുണ്ട്. പത്തുവർഷത്തിലേറെയായി 'വിജയ് മക്കൾ ഇയക്കം' എന്ന സംഘടനയിലൂടെ താഴെത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് തുണയായത്. ധനുഷിന്റെ ഫാൻസ് ക്ലബ്ബുകൾ കഴിഞ്ഞ 15 വർഷമായി രക്തദാനം പോലുള്ള സാമൂഹിക സേവന രംഗത്ത് സജീവമാണെങ്കിലും അവ ഇതുവരെ ഒരു തിരഞ്ഞെടുപ്പ് നേരിടാൻ പ്രാപ്തിയുള്ള രാഷ്ട്രീയ സംഘടനയായി മാറിയിട്ടില്ല. ആരാധകക്കൂട്ടത്തെ അച്ചടക്കമുള്ള കേഡർമാരാക്കി മാറ്റുക എന്നതാണ് ധനുഷിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
സിനിമയിലെ ധനുഷിന്റെ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ മുഖം നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 'അസുരൻ', 'കർണ്ണൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ജാതീയമായ അടിച്ചമർത്തലുകൾക്കും സാമൂഹിക അനീതിക്കുമെതിരെ ശബ്ദമുയർത്തുന്ന ഒരു നായകനായി അദ്ദേഹം സാധാരണക്കാർക്കിടയിൽ അറിയപ്പെടുന്നു. എന്നാൽ രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വെറുമൊരു സിനിമാ താരമെന്നതിലുപരി കൃത്യമായ ആശയങ്ങളും നിലപാടുകളും ആവശ്യമാണ്. ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യമുള്ള തമിഴ്‌നാട്ടിൽ സാമൂഹിക നീതിയും വികസനവും മുൻനിർത്തിയുള്ള ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും.
നിലവിലെ തമിഴ് രാഷ്ട്രീയം വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്ന സമയത്തേക്കാൾ കഠിനമായ മത്സരമാണ് നേരിടുന്നത്. ഡിഎംകെ, എഐഎഡിഎംകെ എന്നീ വൻശക്തികൾക്ക് പുറമെ വിജയുടേയും സീമാന്റെയും പാർട്ടികൾ കൂടി സജീവമായതോടെ രാഷ്ട്രീയത്തിൽ പുതിയൊരു ഇടം കണ്ടെത്തുക എന്നത് ധനുഷിന് എളുപ്പമാവില്ല. കൂടാതെ തമിഴ്‌നാട്ടിലെ സങ്കീർണ്ണമായ ജാതി സമവാക്യങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന് കഴിയണം. ഇതുവരെ ജാതി സ്വത്വങ്ങൾ വെളിപ്പെടുത്താത്ത ധനുഷിന് യുവാക്കൾക്കിടയിലും ഗ്രാമപ്രദേശങ്ങളിലും വലിയ സ്വാധീനമുണ്ട്. മറ്റൊരു പ്രധാന തടസ്സം ധനുഷ് ഇപ്പോൾ സിനിമയിൽ അതീവ സജീവമാണ് എന്നതാണ്. രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങണമെങ്കിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. സ്വന്തമായി ഒരു പാർട്ടി തുടങ്ങുകയോ അല്ലെങ്കിൽ നിലവിലുള്ള ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാവുകയോ ചെയ്യുക എന്ന രണ്ട് വഴികളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
Content Highlights: Speculation mounts over actor Dhanush's political entry as fan clubs launch major welfare initiatives in Tamil Nadu.