വിജയ് നടത്തിയ നീക്കങ്ങൾക്ക് സമാനമായി ധനുഷും, ആരാധക കൂട്ടായ്മ; ആർഎസ്എസ് നേതാവുമായി ചർച്ച, രാഷ്ട്രീയത്തിലേക്ക്?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം. ധനുഷ് തന്റെ ആരാധകക്കൂട്ടായ്മ പുനഃസംഘടിപ്പിക്കുകയും ചെന്നൈയിൽ വെച്ച് ആയിരക്കണക്കിന് വനിതാ ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഓരോ വനിതയ്ക്കും വെള്ളികൊണ്ടുള്ള കാമാക്ഷി വിളക്കുകൾ സമ്മാനിച്ചു.
മുൻപ് 'ധനുഷ് നർപ്പണി മൻറം' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ആരാധക സംഘടനയെ 'ധനുഷ് നർപ്പണി ഇയക്കം' എന്ന പേരിൽ ഒരു ജനക്ഷേമ പ്രസ്ഥാനമായി പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ സ്വകാര്യ കോളേജിൽ നടന്ന ചടങ്ങിൽ പ്രസ്ഥാനത്തിന്റെ പുതിയ ഔദ്യോഗിക ലോഗോയും പുറത്തിറക്കി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ധനുഷ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ഈ സംഘടനാരൂപീകരണവും ലോഗോ പ്രകാശനവും തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവെക്കുന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.
ചെന്നൈയിൽ നടന്ന വനിതാ സംഗമത്തിൽ കോയമ്പത്തൂർ, റാണിപ്പേട്ട്, തഞ്ചാവൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള 2,500-ലധികം വനിതാ ആരാധകരാണ് കനത്ത മഴയെപ്പോലും അവഗണിച്ച് പങ്കെടുത്തത്. ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകർ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും, ധനുഷ് ഏവർക്കും ദീപാവലി ആശംസകൾ നേർന്ന് കൃത്യമായ മറുപടി നൽകാതെ മടങ്ങുകയാണ് ചെയ്തത്.
A glimpse filled with smiles, love, and unforgettable little moments! 🤍❤️
Thalaivar @dhanushkraja at Magalir Ani Sandhippu 2026.#EnnamPolVaazhkai #DNI #DhanushNarpaniIyakkam #Dhanush #MagalirAni pic.twitter.com/lHvFIWuAHS— Dhanush Narpani Iyakkam (@Dnarpaniiyakkam) October 26, 2026
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു പ്രമുഖ സിനിമാ താരം കൂടി രാഷ്ട്രീയത്തിലേക്ക് വരാനൊരുങ്ങുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ആർ.എസ്.എസ്. ദക്ഷിണ മേഖലയുമായി ബന്ധപ്പെട്ട മുതിർന്ന നേതാവുമായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ധനുഷ് നടത്തിയ രണ്ട് കൂടിക്കാഴ്ചകളാണ് ഈ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവമാക്കിയത്.
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി നടത്തിയ നീക്കങ്ങൾക്ക് സമാനമാണ് ധനുഷിന്റെയുമെന്ന് വിലയിരുത്തപ്പെടുന്നു. വിജയിന്റെ ആരാധക സംഘടന പിന്നീട് 'വിജയ് മക്കൾ ഇയക്കം' എന്ന ജനക്ഷേമ പ്രസ്ഥാനമായി മാറുകയും തുടർന്ന് 'തമിഴക വെട്രി കഴകം' എന്ന രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്തിരുന്നു. കോയമ്പത്തൂർ പോലുള്ള സ്ഥലങ്ങളിൽ ധനുഷിന്റെ സംഘാടകർ ഒത്തുചേർന്ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.