ടി.വി.കെയുടെ വനിതാസ്ഥാനാർഥിയെ അവഹേളിച്ചു; സ്റ്റാലിന്റെ പേരിൽ പരാതി, പ്രതിഷേധം

ചെന്നൈ: ധാരാപുരം മണ്ഡലത്തിലെ ടി.വി.കെ. സ്ഥാനാർഥി പി. സത്യഭാമയെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചതിന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പുകമ്മിഷന് ടി.വി.കെ. പരാതി നൽകി. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെയുള്ള നേതാക്കൾ സ്റ്റാലിന്റെ പരാമർശങ്ങളെ വിമർശിച്ചു.
മന്ത്രി ആധവ് അർജുനയുടെ നേതൃത്വത്തിലുള്ള ടി.വി.കെ. പ്രതിനിധി സംഘമാണ് ശനിയാഴ്ച തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സ്റ്റാലിനെ ഡി.എം.കെ.യുടെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് നീക്കണമെന്നും സ്ത്രീത്വത്തെ അവഹേളിച്ചതിന് കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. പ്രചാരണപരിപാടികളിൽ സ്റ്റാലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ടി.വി.കെ. ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ധാരാപുരത്ത് ഡി.എം.കെ.യുടെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണ് സ്റ്റാലിൻ വിവാദപരാമർശങ്ങൾ നടത്തിയത്. സത്യഭാമയെ പെട്ടിഭാമയെന്നും പൾട്ടിഭാമ (മലക്കം മറിയുന്ന ഭാമ)യെന്നും സംബോധന ചെയ്ത സ്റ്റാലിൻ ഈ ശരീരംവെച്ച് അവർ എങ്ങനെയാണ് മലക്കംമറിയുന്നതെന്ന് ചോദിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ചുജയിച്ച സത്യഭാമ ഇത്തവണ ടി.വി.കെ. ടിക്കറ്റിൽ മത്സരിക്കുന്നതിനെ പരാമർശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം. ഒരാളുടെ ശരീരസ്ഥിതിയെ കളിയാക്കുന്നത് ദേഹനിന്ദയാണെന്ന് ടി.വി.കെ. ചൂണ്ടിക്കാണിച്ചു.
ഡി.എം.കെ. നേതാക്കൾ തിരഞ്ഞെടുപ്പു പ്രചാരണത്തെ ആഭാസപ്രസംഗങ്ങൾക്കുള്ള അവസരമാക്കി മാറ്റിയിരിക്കയാണെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രസ്താവനയിൽ പറഞ്ഞു. പട്ടികജാതിയിൽപ്പെട്ട വനിതയെ അപമാനിച്ച സ്റ്റാലിൻ മാപ്പുപറയണമെന്ന് മന്ത്രി കെ.ജി. അരുൺ രാജ് ആവശ്യപ്പെട്ടു. സ്ത്രീപക്ഷത്താണെന്നുപറയുന്ന ഡി.എം.കെ.യുടെ യഥാർഥ മുഖമാണ് വെളിച്ചത്തുവന്നതെന്ന് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. മറ്റുമന്ത്രിമാരും ടി.വി.കെ.യുടെയും സഖ്യകക്ഷികളുടെയും നേതാക്കളും സ്റ്റാലിന്റെ പരാമർശങ്ങളെ വിമർശിച്ചു.
Content Highlights: TVK filed a complaint with the Election Commission against MK Stalin., Stalin allegedly made derogatory remarks about Dharapuram TVK candidate P. Sathyabama., Chief Minister Joseph Vijay and other TVK leaders condemned Stalin's comments., TVK demanded Stalin's removal from DMK's star campaigner list.